കര്‍ഷകപ്രക്ഷോഭത്തിന്റെ വിജയത്തിന് മാധ്യമസമൂഹം പങ്കുവഹിക്കണം: എസ് രാമചന്ദ്രന്‍ പിളള

കര്‍ഷകപ്രക്ഷോഭത്തിന്റെ വിജയത്തിന് ഇതരവിഭാഗങ്ങളെപ്പോലെ മാധ്യമസമൂഹവും പങ്കുവഹിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും കിസാന്‍ സഭ ദേശീയ വൈസ് പ്രസിഡന്റുമായ എസ് രാമചന്ദ്രന്‍ പിളള പറഞ്ഞു. കര്‍ഷകസമരം ദേശവിരുദ്ധമാണെന്നും രാജ്യദ്രോഹികളുടെ ഏജന്‍സി പണിയാണെന്നുമുളള പ്രചാരണം ഉത്തരേന്ത്യയിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തുന്നുണ്ട്. പക്ഷേ സമരത്തിന് ഇന്ത്യയിലെ മാധ്യമങ്ങള്‍ പൊതുവില്‍ പിന്തുണ നല്‍കുന്നു എന്നത് ആരോഗ്യകരമാണ്. കൃഷി ഭൂമിയും  കൃഷിയും കാര്‍ഷികോത്പന്നങ്ങളും ഭക്ഷ്യസംസ്‌കരണവും വില്പനയും രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നതാണ് പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമങ്ങളെന്നും കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ജയ് കിസാന്‍ ഇമേജ്  ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ ഡല്‍ഹി മഹാപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യമായാണ് കേരള മീഡിയ അക്കാദമി ഫോട്ടോപ്രദര്‍ശനം സംഘടിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരമുളള ഏറ്റവും വലിയ കര്‍ഷകസമരമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. ദിവസവും പതിനായിരക്കണക്കിന് കര്‍ഷകര്‍ സമരത്തില്‍ അണിചേരുന്നു. മഴയും മഞ്ഞും മറ്റുപ്രതിസന്ധികളും നേരിട്ടാണ് അവര്‍ സമരമുഖത്തു തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ, വോട്ടെടുപ്പില്ലാതെ സെലക്ട് കമ്മിറ്റിക്കു വിടാതെ, എല്ലാ ഫെഡറല്‍ മര്യാദകളും കാറ്റില്‍പ്പറത്തിയാണ് ഈ നിയമം പാസാക്കിയിട്ടുളളത്. രാജ്യസഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട ഒമ്പതു എംപിമാരെ പുറത്താക്കുകയും ചെയ്തു.ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായ കാര്‍ഷിക സമൂഹത്തെ സംരക്ഷിക്കണമെന്നും ഉത്പാദനവും ഉത്പാദനക്ഷമതയും  കാര്‍ഷിക ഉത്പന്നങ്ങളില്‍ ന്യായവിലയും ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇതു സംബന്ധിച്ച കൃഷി ശാസ്ത്രജ്ഞന്‍ എംഎസ് സ്വാമിനാഥന്റെ ശുപാര്‍ശ നടപ്പാക്കണമെന്നും എസ് രാമചന്ദ്രന്‍ പിളള ആവശ്യപ്പെട്ടു.

മാധ്യമങ്ങള്‍ ആരുടെ പക്ഷത്ത് എന്ന വലിയ ചോദ്യത്തിന് ഉത്തരം നല്‍കുന്ന ഒരു ഒത്തുകൂടലാണ് ജയ് കിസാന്‍ ഇമേജ് ഫോട്ടോപ്രദര്‍ശനമെന്ന് ചടങ്ങിന് ആധ്യക്ഷം വഹിച്ച കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രശരീരത്തെ ബാധിച്ചിരിക്കുന്ന ഏകാധിപത്യ പ്രവണതയുടെ വൈറസിനെ ചെറുക്കുന്നതിനുളള ജനമുന്നേറ്റത്തിന്റെ ഒരു ഗാഥയാണ് ഡല്‍ഹിയില്‍ നിന്ന് രാജ്യം കേള്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാല്‍പത്തിയൊന്ന് ദിവസം പിന്നിടുന്ന പ്രക്ഷോഭത്തിന്റെ, ദേശീയ-അന്തര്‍ദ്ദേശീയ പ്രശസ്തരായ ഫോട്ടോജേണലിസ്റ്റുകള്‍ പകര്‍ത്തിയ ത്രസിപ്പിക്കുന്ന ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.  ഒപ്പം പുതു ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളുമുണ്ട്. ഫോട്ടോ പ്രദര്‍ശന വേദിയില്‍, പ്രഗത്ഭ ഫോട്ടോ ജേണലിസറ്റ് ബി ചന്ദ്രകുമാര്‍ രചിച്ച ഫോട്ടോജേണലിസം ഹാന്‍ഡ്ബുക്ക് എസ് രാമചന്ദ്രന്‍ പിളള എഷ്യാനെറ്റ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന് നല്‍കി  പ്രകാശനം ചെയ്തു.ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് ഒരു ചിത്രമെന്ന് കര്‍ഷകസമരത്തിന്റെ ചിത്രങ്ങള്‍ വിളിച്ചറിയിക്കുന്നുവെന്ന് എം ജി രാധാകൃഷ്ണന്‍ പറഞ്ഞു.  കര്‍ഷകരുടെ ദേശീയസമരത്തിനൊപ്പം മാധ്യമങ്ങള്‍ നില്‍ക്കേണ്ടത് ധാര്‍മികതയാണെന്ന് ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് പറഞ്ഞു.

ഇന്ത്യ ഇന്ന് വളരെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലാണെന്നും കര്‍ഷകപ്രക്ഷോഭത്തിന്റെ തീക്കാറ്റ് ആഞ്ഞടിക്കുകയാണെന്നും ബി.ചന്ദ്രകുമാര്‍ പറഞ്ഞു. ഈ മഹാമാരി കാലത്തും കര്‍ഷകപ്രക്ഷോഭത്തിന്റെ നേര്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ നിരവധി ഫോട്ടോഗ്രാഫര്‍മാരും ഫോട്ടോജേണലിസ്റ്റുകളും പ്രക്ഷോഭനഗരിയിലുണ്ടെന്നും ബി.ചന്ദ്രകുമാര്‍ പറഞ്ഞു. കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ചെയര്‍മാന്‍ സുരേഷ് വെളളിമംഗലം എന്നിവര്‍ സംസാരിച്ചു. ബി. ചന്ദ്രകുമാര്‍ സ്വാഗതം ആശംസിച്ചു. മീഡിയ അക്കാദമി മുന്‍ സെക്രട്ടറി കെ.മോഹനന്‍ നന്ദി പ്രകാശിപ്പിച്ചു.