കര്‍ഷക പ്രക്ഷോഭം: ‘ ജയ് കിസാൻ ഇമേജ് ‘ ഉദ്ഘാടനം ചെയ്തു
മഹാമാരിയെ പോലും വകവയ്ക്കാതെയാണ് അധ്വാനത്തിന്റെ പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന കർഷകർ സമരം തുടരുന്നത്. ജനാധിപത്യം ഒരിക്കലും മരിക്കുന്നില്ല എന്ന സന്ദേശമാണ് ഇത് നൽകുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അഭിപ്രായപ്പെട്ടു. പ്രസ് ക്ലബ്ബിൻറെ സഹകരണത്തോടെ കേരള മീഡിയ അക്കാദമി ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച കർഷക സമരത്തിൻറെ ചിത്രങ്ങളുടെ പ്രദർശനം ‘ ജയ് കിസാൻ ഇമേജ് ‘ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമരത്തിനു ശേഷം വലിയ രീതിയിൽ പ്രതിരോധങ്ങളും സമരങ്ങളും നടക്കുന്ന കാലഘട്ടമാണ് ഇത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ വിദ്യാർത്ഥിസമൂഹം കൂടി ചെറുത്തുനിൽപ്പിൻറെ ഭാഗമായത് നമ്മൾ കണ്ടു. ഭരണകൂടം കൃത്രിമമായി കലാപങ്ങൾ സൃഷ്ടിച്ചെടുത്ത് സമരങ്ങളെ നേരിടുന്നതും യുഎപിഎ പോലുള്ള കരിനിയമങ്ങൾ ഉപയോഗിക്കുന്നതുമായ സാഹചര്യവും ഉണ്ട്. ഭരണകൂടത്തിന് പൂർണമായും വിധേയരാകുന്ന കോർപ്പറേറ്റുകൾ വിലയ്ക്കെടുത്ത മാധ്യമങ്ങളാണ് പലതും. എതിർപ്പിൻറെ ശബ്ദങ്ങൾ ഇല്ലാതാക്കുന്ന ഭരണകൂടം നിലനിൽക്കുന്ന സാഹചര്യത്തിൽ കർഷക സമരത്തിൻറെ ചിത്രപ്രദർശനം പ്രാധാന്യം അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കർഷകപ്രക്ഷോഭത്തോട് എന്ത് നിലപാടെടുക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം നൽകാനുള്ള ബാധ്യത ഓരോരുത്തർക്കും ഉണ്ടെന്ന് യോഗത്തിൽ അധ്യക്ഷനായ മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു പറഞ്ഞു. ഭരണകൂടത്തിൻറെ തല ആകാനും വാൽ ആകാനും മാധ്യമപ്രവർത്തകർക്ക് കഴിയും. മാധ്യമപ്രവർത്തകരെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിൽ അടയ്ക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇത്തരത്തിലുള്ള അതിക്രമങ്ങൾക്കെതിരെ നാട് ഉയരേണ്ട ഘട്ടമാണിത് എന്നും ആർ എസ് ബാബു അഭിപ്രായപ്പെട്ടു.
ഡോക്ടർ വിധു നാരായണൻ രചിച്ച കേസരി ബാലകൃഷ്ണപിള്ളയെ കുറിച്ചുള്ള പുസ്തകം പ്രൊഫസർ എം കെ സാനു ചടങ്ങിൽ പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പുസ്തകം ഏറ്റുവാങ്ങി. ഭരണകൂട ഭീകരതയെ വിമർശനബുദ്ധിയോടെ എല്ലായ്പ്പോഴും നോക്കി കണ്ടിട്ടുള്ള വ്യക്തിയാണ് കേസരി ബാലകൃഷ്ണപിള്ള എന്ന് പ്രൊഫസർ എം കെ സാനു പറഞ്ഞു. വേദനിപ്പിക്കുകയും, അതേസമയം സമരവീര്യവും ഉയർത്തുകയും ചെയ്യുന്ന ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, പ്രസ് ക്ലബ് വൈസ് പ്രസിഡൻറ് ജിപ്സൺ സിഖേര, ഡോക്ടർ വിധു നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
ഇന്ന് ഫെബ്രുവരി രണ്ടിനു പ്രദർശനം അവസാനിക്കും. ഫെബ്രുവരി 4, 5 തീയതികളിൽ തൃശ്ശൂരിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നുണ്ട്. ഫോട്ടോപ്രദർശനം ഓൺലൈനിൽ കാണാനുള്ള സംവിധാനവും മീഡിയ അക്കാദമി ഒരുക്കിയിട്ടുണ്ട്. http://keralamediaacademy.org/kisan-photo-exhibition/ എന്ന വെബ്സൈറ്റിൽ ഫോട്ടോ പ്രദർശനം കാണാം. ഇതോടൊപ്പമുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്താലും ഫോട്ടോ പ്രദർശനം കാണാവുന്നതാണ്.