കർഷക സമര ചിത്രപ്രദർശനം ഇന്ന് (ഫെബ്രുവരി 5) അവസാനിക്കും


ഭൂമി മാത്രം കൈമുതലായുള്ള കർഷകർ കർഷക നിയമത്തിനെതിരെ  പ്രക്ഷോഭം നടത്തുമ്പോൾ കേരള മീഡിയ അക്കാദമി യുടെ നേതൃത്വത്തിൽ  സംഘടിപ്പിക്കുന്ന ഫോട്ടോപ്രദർശനത്തിന് പ്രസക്തിയേറുന്നു എന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോക്ടർ കെ പി മോഹനൻ പറഞ്ഞു. തൃശ്ശൂർ പ്രസ് ക്ലബ്ബിൻറെ സഹകരണത്തോടെ  കേരള മീഡിയ അക്കാദമി , തൃശ്ശൂർ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച കർഷക സമരത്തിൻറെ ചിത്രങ്ങളുടെ പ്രദർശനം  ‘ ജയ് കിസാൻ ഇമേജ് ‘ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 കർഷകർക്കെതിരെ രാജ്യദ്രോഹകുറ്റം വരെ ചുമത്തി സമരത്തെ നേരിടുകയാണ് സർക്കാർ. മൂന്ന് നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.  കേവലം 16 ദിവസം കൊണ്ടാണ് ഈ നിയമങ്ങൾ പാസാക്കി എടുത്തത്.  ഇവയ്ക്കെതിരെ  ഉയരുന്ന പ്രതിഷേധം കണക്കിലെടുക്കാതെ  എന്തിനാണ് കേന്ദ്രസർക്കാർ കടുംപിടുത്തം  പിടിക്കുന്നത് എന്നത് ആലോചിക്കേണ്ട വിഷയമാണെന്നും കെ പി മോഹനൻ പറഞ്ഞു.
സമര വേദിയിൽ നിന്നുള്ള നേർക്കാഴ്ചകൾ ആയി ഫോട്ടോപ്രദർശനം മാറുമെന്നും കെ പി മോഹനൻ പറഞ്ഞു. തൃശൂർ പ്രസ് ക്ലബ് പ്രസിഡണ്ട് കെ പ്രഭാത് അധ്യക്ഷനായിരുന്നു.ലളിതകലാ അക്കാദമി സെക്രട്ടറി പി.വി ബാലൻ, ലളിതകലാ അക്കാദമി മാനേജർ സുഗതകുമാരി, മീഡിയ അക്കാദമി അസിസ്റ്റൻറ് സെക്രട്ടറി കല, പ്രസ് ക്ലബ് സെക്രട്ടറി എം വി വിനീത തുടങ്ങിയവർ സംസാരിച്ചു. ദേശീയ-അന്തര്‍ദ്ദേശീയ ഫോട്ടോജേണലിസ്റ്റുകള്‍ പകര്‍ത്തിയ ഡല്‍ഹി കര്‍ഷകപ്രക്ഷോഭത്തിന്റെ വാര്‍ത്താചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. 
 ഫോട്ടോപ്രദർശനം  ഓൺലൈനിൽ കാണാനുള്ള സംവിധാനവും മീഡിയ അക്കാദമി ഒരുക്കിയിട്ടുണ്ട്.  http://keralamediaacademy.org/kisan-photo-exhibition/ എന്ന വെബ്സൈറ്റിൽ ഫോട്ടോ പ്രദർശനം കാണാം. ഇതോടൊപ്പമുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്താലും ഫോട്ടോ പ്രദർശനം കാണാവുന്നതാണ്.