മുഖ്യധാര മാധ്യമങ്ങള്‍ ബഹുഭൂരിപക്ഷത്തിന്‍റെ ശബ്ദം കേള്‍ക്കുന്നില്ല: പി സായിനാഥ്

മാധ്യമപ്രവര്‍ത്തനവും സ്ഥാപനങ്ങള്‍ എന്ന നിലയില്‍ മാധ്യമങ്ങളും രണ്ട് ദിശയില്‍ നീങ്ങുന്നതാണ് ഇന്നത്തെ അനുഭവമെന്ന് മഗ്സസെ അവാര്‍ഡ് ജേതാവും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ പി സായിനാഥ് പറഞ്ഞു. മുഖ്യധാരമാധ്യമങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്‍റെ ശബ്ദം കേള്‍ക്കുന്നില്ല. കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ വരുമാനവര്‍ധന മാത്രം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കേരള മീഡിയ അക്കാദമി ഫെലോഷിപ്പിന്‍റെ ഭാഗമായി സാജന്‍ എവുജിന്‍ എഴുതിയ ‘മണ്ണിനു തീപിടിക്കുമ്പോള്‍ മാധ്യമങ്ങള്‍ എവിടെ’ എന്ന പുസ്തകം ഓണ്‍ലൈനില്‍ പ്രകാശനം ചെയ്ത് ‘കാര്‍ഷികപ്രതിസന്ധിയും മാധ്യമങ്ങളും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സായിനാഥ്. ഇപ്പോള്‍ നടക്കുന്ന കര്‍ഷകപ്രക്ഷോഭത്തിനു അടിസ്ഥാനമായ വസ്തുതകള്‍ തുറന്നുപറയാന്‍ ഭൂരിപക്ഷം മാധ്യമങ്ങളും തയ്യാറാകുന്നില്ല. കാര്‍ഷികനിയമങ്ങള്‍ വഴി ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്ന കോര്‍പറേറ്റ് സ്ഥാപനമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മാധ്യമങ്ങളുടെ നിയന്ത്രണം കയ്യാളുന്നത്. കോര്‍പറേറ്റുകള്‍ കൃഷി കയ്യടക്കിയതാണ് രാജ്യത്തെ കാര്‍ഷികപ്രതിസന്ധിക്ക് കാരണം. കാര്‍ഷികപ്രതിസന്ധിയാണ് കുടിയേറ്റ തൊഴിലാളികള്‍ പെരുകാന്‍ കാരണം. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തില്‍ വേദന പ്രകടിപ്പിച്ച മാധ്യമങ്ങള്‍ ഇതിന്‍റെ കാരണങ്ങളിലേയ്ക്ക് കടന്നില്ല. ഏറ്റവും അനുയോജ്യമായ സമയത്താണ് ഈ പുസ്തകം പ്രകാശനം ചെയ്യപ്പെടുന്നത്. കര്‍ഷകപ്രക്ഷോഭത്തില്‍ രാജ്യം ഇളകിമറിയുകയാണ്. സമരം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ കഴിയുന്നത്ര സത്യസന്ധത കാട്ടുന്നു. എന്നാല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നവര്‍ പുതിയ കാര്‍ഷികനിയമങ്ങളെ അനുകൂലിക്കുകയാണ്. കര്‍ഷകരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ നിയമങ്ങള്‍ കൊണ്ടുവന്നതിലാണ് ചില മാധ്യമങ്ങള്‍ക്ക് ആശങ്ക. കാര്‍ഷികമേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നതിനെ സ്വാഗതം ചെയ്ത് മുഖപ്രസംഗങ്ങളും ലേഖനങ്ങളും തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നു. ദേശീയ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കര്‍ഷകരുടെയോ തൊഴിലാളികളുടെയോ പ്രതിനിധികളില്ല. വ്യവസായികളുടെ പ്രതിനിധികള്‍ മാത്രമാണെന്നും സായിനാഥ് ചൂണ്ടിക്കാട്ടി. താഴ്ന്ന നിലയിലുള്ള ബ്യൂറോക്രാറ്റുകള്‍ക്ക് ജുഡീഷ്യല്‍ അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ പുതിയ കാര്‍ഷിക നിയമത്തിലുണ്ട് . എന്നാല്‍ ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ല.മാധ്യമങ്ങളില്‍ ആകട്ടെ, കാര്‍ഷികരംഗം കവര്‍ ചെയ്യുന്നതിന് നിയോഗിക്കപ്പെടുന്ന റിപ്പോര്‍ട്ടര്‍മാര്‍ കാര്‍ഷിക മന്ത്രാലയത്തെ അല്ലെങ്കില്‍ അഗ്രി ബിസിനസിനെ ആണ് കണക്കിലെടുക്കുന്നത്. കര്‍ഷകരെ അല്ല. അങ്ങനെ കര്‍ഷകരുടെ ശബ്ദം മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്നു എന്നും സായിനാഥ് പറഞ്ഞു. 2014 മുതല്‍ 2020 വരെയുള്ള കാര്യങ്ങള്‍ എടുക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്നതായി കാണാം എന്ന് അഖിലേന്ത്യ കിസാന്‍സഭ ജോയിന്‍റ് സെക്രട്ടറി വിജു കൃഷ്ണന്‍ പറഞ്ഞു. പുസ്തകം പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക ആത്മഹത്യകളും പോഷകാഹാരക്കുറവ് മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണവും നമ്മെ ഭയപ്പെടുത്തുന്നു. ഭൂമി അധികാര ആന്തോളന്‍ പോലുള്ള മുന്നേറ്റങ്ങള്‍ കോര്‍പ്പറേറ്റുകളുടെ ഇടപെടലിനെതിരെ നടന്നിട്ടുണ്ട്. ലോക്ക് ഡൗണും ബന്ധപ്പെട്ട പലായനവും കര്‍ഷക ദുരിതം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. മാധ്യമങ്ങള്‍ എങ്ങനെ കര്‍ഷക പ്രക്ഷോഭത്തെ കാണുന്നുവെന്നത് പ്രാധാന്യമര്‍ഹിക്കുന്നു. അതുപോലെതന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ രാജ്യദ്രോഹ കുറ്റം ചുമത്തുന്ന ഈ സാഹചര്യവും കാണാതെ പോകാനാവില്ലെന്ന് വിജു കൃഷ്ണന്‍ പറഞ്ഞു.മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍പരമായ ശേഷി വര്‍ദ്ധിപ്പിക്കലിനൊപ്പം തന്നെ അവരെ കൂടുതല്‍ സാമൂഹികപ്രതിബദ്ധതയുള്ളവരാക്കുക എന്ന ഉത്തരവാദിത്തം കൂടി മീഡിയ അക്കാദമി പോലുള്ള സ്ഥാപനത്തിന് ഉണ്ട്. കര്‍ഷക പ്രക്ഷോഭത്തിന്‍റെ ഈ പശ്ചാത്തലത്തില്‍ സാജന്‍ എവുജിന്‍റെ പുസ്തകത്തിന് പ്രാധാന്യമേറുന്നു എന്നും ആര്‍ എസ് ബാബു പറഞ്ഞു.അഖിലേന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ ജനറല്‍സെക്രട്ടറി മറിയം ധാവ്ലെ, മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.