ഗ്ളോബല്‍ മീഡിയ ഫോട്ടോഗ്രാഫര്‍ പ്രൈസ് ബാര്‍ബറ ഡേവിഡ്സണിന്
കേരള മീഡിയ അക്കാദമിയുടെ ഗ്ളോബല്‍ മീഡിയ ഫോട്ടോഗ്രാഫര്‍ പ്രൈസ് പ്രമുഖ ഐറിഷ്-കനേഡിയന്‍ ഫോട്ടോജേണലിസ്റ്റ് ബാര്‍ബറ ഡേവിഡ്സണിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് സമ്മാനിക്കുന്നത്. മൂന്നു തവണ പുലിറ്റ്സര്‍ പ്രൈസും എമ്മി അവാര്‍ഡും ബാര്‍ബറ നേടിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് ഓണ്‍ലൈനില്‍ സമ്മാനിക്കും. കൊവിഡ് പ്രതിസന്ധി നീങ്ങിയ ശേഷം ബാര്‍ബറ കേരളപര്യടനത്തിനായി എത്തുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അറിയിച്ചു. തോമസ് ജേക്കബ്, ഡോ.സെബാസ്റ്റ്യന്‍ പോള്‍, ഷാജി എന്‍ കരുണ്‍, സരസ്വതി ചക്രബര്‍ത്തി (ഡല്‍ഹി) എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
ദാരിദ്ര്യത്തിന്‍റെയും അക്രമത്തിന്‍റെയും ഇരകളായ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ പകര്‍ത്തി ലോസ്എഞ്ചല്‍സ് പത്രത്തില്‍ പ്രസിദ്ധീകരിച്ച് ലോകശ്രദ്ധ നേടി. ഈ സമാഹാരത്തിനാണ് 2011 ലെ ഫീച്ചര്‍ ഫോട്ടോഗ്രഫിക്കുളള പുലിറ്റ്സര്‍. സ്പോട്ട് ന്യൂസ്, ബ്രേക്കിംഗ് ന്യൂസ് വിഭാഗങ്ങളിലെ ഫോട്ടോഗ്രഫിക്കുളള പുലിറ്റ്സര്‍ നേടിയ ടീമിലെ അംഗം എന്ന നിലയിലും ഇവര്‍ സമ്മാനിതയായി.
ഇറാഖ്, അഫ്ഗാനിസ്ഥാന്‍, കോംഗോ, ഗാസ, കെനിയ, സൊമാലിയ എന്നിവിടങ്ങളിലെ യുദ്ധദുരിതം ക്യാമറക്കണ്ണിലൂടെ തുറന്നുകാട്ടി. ചൈനയിലെ ഷിഷുവാന്‍ ഭൂമികുലുക്കം, 2004ലെ ഇന്ത്യന്‍ മഹാസമുദ്ര സുനാമി ദുരന്തം എന്നിവയുടെ കവറേജില്‍ ഇവരുടെ ചിത്രങ്ങള്‍ പ്രകൃതിദുരന്തത്തിന്‍റെ ഭയാനകതയും മനുഷ്യന്‍റെ നിസ്സാഹയതയും വെളിവാക്കി.
2017ല്‍ പത്രത്തിലെ ജോലി വിട്ട് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാനുളള ആഗോള കൂട്ടായ്മയുടെ ലീഡ് ഫോട്ടോഗ്രാഫറും ക്യുറേറ്ററുമായി. വെടിയേറ്റ് പരിക്കേറ്റവരുടെ അറിയപ്പെടാത്ത കഥകള്‍ ചിത്രങ്ങളിലൂടെ പുറത്തുവരുന്ന പുതിയ യജ്ഞത്തിലാണ് ഇപ്പോള്‍ ഇവര്‍. ഫോട്ടോജേണലിസം അധ്യാപികയുമാണ്.
ഐറിഷ് വംശജയായ ബാര്‍ബറ കാനഡയില്‍ ജനിച്ചു. പിന്നീട് അമേരിക്കയില്‍ പത്രപ്രവര്‍ത്തകയായി. മീഡിയ അക്കാദമിയുടെ ഈ പുരസ്കാരം മുമ്പ് ലഭിച്ചത് വിയറ്റ്നാം ഫോട്ടോഗ്രാഫറായ നിക്ക് ഊട്ടിനാണ്.
വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല പങ്കെടുത്തു.