മാധ്യമ ഉത്തരവാദിത്വങ്ങള്‍ പുതുക്കിപ്പണിയേണ്ടതുണ്ട്: മന്ത്രി പി.രാജീവ്

തിരുവനന്തപുരം : ഇന്നത്തെ കാലത്തില്‍ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാം ഓര്‍ത്തെടുക്കുന്നത് ജീവചരിത്രത്തിലൂടെയുളള സഞ്ചാരത്തിനുവേണ്ടി മാത്രമല്ല. മാധ്യമദൗത്യം എന്തായിരിക്കണമെന്നതിനെക്കുറിച്ച് ഒരു പുതുക്കിപ്പണിക്കു കൂടിയാണെന്ന് വ്യവസായമന്ത്രി പി.രാജീവ് ചൂണ്ടിക്കാട്ടി.
കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച മാധ്യമ ഹാന്‍ഡ് ബുക്ക് പരമ്പരയിലെ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ രചിച്ച ‘സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള’ എന്ന കൃതിയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ നാം കാണുന്ന മാധ്യമങ്ങള്‍തന്നെ എത്രകാലം ഇങ്ങനെ നില്‍ക്കുമെന്നുളള ആശങ്കകള്‍ പങ്കുവച്ച മന്ത്രി, മാധ്യമങ്ങള്‍ പുതിയ സ്വഭാവത്തില്‍ വരുമ്പോള്‍ മാധ്യമ ഉത്തരവാദിത്വത്തെ സംബന്ധിച്ച ഒരു പുതുക്കിപ്പണിയല്‍ ആവശ്യമായി വരുമെന്ന് അഭിപ്രായപ്പെട്ടു.
മഹദ് വ്യക്തികളുടെ ജീവിതത്തെ പരിചയപ്പെടുത്തുകവഴി സ്വയം പുതുക്കിപ്പണിയുന്നതിനുളള സാഹചര്യമാണ് കേരള മീഡിയ അക്കാദമി ഒരുക്കുന്നത്. വളരെ നല്ല രീതിയില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കേരള മീഡിയ അക്കാദമിയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ഏറ്റുമുട്ടലുകള്‍ പ്രശ്നങ്ങളിന്മേലാണ് വ്യക്തികള്‍ തമ്മിലല്ല. എന്നും മൂല്യങ്ങള്‍ വളരെ ശക്തമായി ഉയര്‍ത്തിപ്പിടിച്ച വ്യക്തിയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിളള. ജര്‍മനിയിലെ ട്രിയറിലുളള കാറല്‍ മാര്‍ക്‌സിന്റെ ജന്മഗൃഹം ഇന്ന് എക്‌സിബിഷന്‍ കേന്ദ്രമാണ്. അവിടേക്ക് പ്രവേശിക്കുന്ന മുറിയില്‍ ലോകത്ത് വ്യത്യസ്തഭാഷകളില്‍ ഇറങ്ങിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യത്തെ പതിപ്പുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അവിടെ മലയാളത്തിലുളള ഒരു പുസ്തകം ഉണ്ട്. അത് മാര്‍ക്‌സിനെക്കുറിച്ച് സ്വദേശാഭിമാനി എഴുതിയതാണ്. മലയാളത്തില്‍ ആദ്യമായി കാറല്‍ മാര്‍ക്‌സിനെക്കുറിച്ച് എഴുതിയത് സ്വദേശാഭിമാനി രാമകൃഷ്ണപിളളയാണ്-മന്ത്രി അനുസ്മരിച്ചു.

അക്കാദമി മുന്നോട്ടുവച്ച ന്യൂസിയം എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞാല്‍ അത് മാധ്യമരംഗത്തിന് വിലപ്പെട്ട സംഭാവനയായിരിക്കുമെന്ന് പുസ്തകം സ്വീകരിച്ചു എഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ പറഞ്ഞു. മലയാളം കണ്ട, ലോകം കണ്ട അത്ഭുത മനുഷ്യരിലൊരാളാണ് സ്വദേശാഭിമാനി രാമകൃഷ്ണപിളള. ഇന്നത്തെപ്പോലെ ഒരു സങ്കേതങ്ങളും ഇല്ലാത്ത കാലത്ത് ലോകത്തിന്റെ ഏതൊക്കെ കോണുകളില്‍ നിന്ന് എന്തൊക്കെ വിവരങ്ങളാണ് അദ്ദേഹം മലയാളിക്ക് നല്‍കിയത്.
സ്‌കൂള്‍-കൊളേജു തലത്തില്‍ നടപ്പിലാക്കുന്ന മീഡിയ ക്ലബ്ബ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ 12 പുസ്തകങ്ങളില്‍ ഒന്നാണ് സ്വദേശാഭിമാനിയുടെതെന്ന് ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

പത്രപ്രവര്‍ത്തകയൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെളളിമംഗലം ,ജില്ല ട്രഷറര്‍ അനുപമ ജി നായര്‍ എന്നിവര്‍ പ്രസംഗിച്ചു.