ദാനിഷ് സിദ്ദിഖിയുടേത് ഭരണകൂടത്താല്‍ അവഗണിക്കപ്പെട്ട രക്തസാക്ഷിത്വം
ഭരണകൂടത്താല്‍ അവഗണിക്കപ്പെട്ട രക്തസാക്ഷിത്വമാണ് ദാനിഷ് സിദ്ദിഖിയുടേതെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് . അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട മാധ്യമ രക്തസാക്ഷി ദാനിഷ് സിദ്ദിഖിക്ക് പ്രണാമമായി കേരള മീഡിയ അക്കാദമി കേരള പത്രപ്രവര്‍ത്തക യൂണിയനുമായി സഹകരിച്ച് ഭാരത് ഭവനില്‍ സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലായ് 27 ചൊവ്വാഴ്ച രാവിലെ 8.00 ന് നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ദാനിഷിന്റെ നിശ്ചലചിത്രം ക്യാമറയില്‍ ക്ലിക്ക് ചെയ്തുകൊണ്ടാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ദാനിഷ് അനുസ്മരണ സമ്മേളനവും സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് മുഖ്യപ്രഭാഷണം നടത്തി. ദാനിഷ് പകര്‍ത്തിയ,ലോകത്തിന്റെ കണ്ണുതുറപ്പിച്ച, ചിത്രങ്ങളും അദ്ദേഹത്തിന്റെ അന്ത്യയാത്രയുടെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തി.
ഇന്ത്യന്‍ ഭരണകൂടത്തെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും നിരന്തരം അലോസരപ്പെടുത്തിയ ചിത്രങ്ങള്‍ പകര്‍ത്തിയ ആളാണ് ദാനിഷ് എന്ന് സ്പീക്കര്‍ പറഞ്ഞു. എല്ലാ തരത്തിലുളള പ്രതിലോമശക്തികളുടെയും ശത്രുപക്ഷത്തുനിന്ന്, നേരിന്റെ പക്ഷത്തുനിന്ന ഫോട്ടോഗ്രാഫറാണ് അദ്ദേഹം. അതുകൊണ്ടുതന്നെയാണ് താലിബാനും അദ്ദേഹം ശത്രുവായി മാറിയത്. ദാനിഷ് സിദ്ദിഖിയുടെ ക്യാമറക്കണ്ണുകള്‍ പകര്‍ത്തിയത് താന്‍ ജീവിക്കുന്ന കാലത്തെ തീഷ്ണമായ മനുഷ്യാനുഭവങ്ങളെയാണ്. ദുരിതങ്ങള്‍, ദുരന്തങ്ങള്‍, സംഘര്‍ഷങ്ങള്‍, കൊടിയ അനീതികള്‍, ചൂഷണത്തിന്റെ നേര്‍ക്കാഴ്ചകള്‍, അടിച്ചമര്‍ത്തലുകള്‍ എല്ലാം സത്യസന്ധമായി പകര്‍ത്തിയ, കലര്‍പ്പില്ലാതെ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച ഫോട്ടോഗ്രാഫറായിരുന്നു ദാനിഷ് സിദ്ദിഖിയെന്നും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം മാധ്യമസ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടിയുളളതാണെന്നും സ്പീക്കര്‍ അനുസ്മരിച്ചു.
ക്യാമറയിലൂടെ വിസ്മയം സൃഷ്ടിച്ച ഫോട്ടോഗ്രാഫറായിരുന്നു ദാനിഷ് സിദ്ദിഖിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ അനുസ്മരിച്ചു. ലോകത്തെല്ലായിടത്തും നിലനില്‍ക്കുന്ന അനീതിയെ , സംഘര്‍ഷങ്ങളെ, മനുഷ്യന്റെ ദുരവസ്ഥയെ മനുഷ്യന്റെ കണ്ണുനീരിനെ, സാധാരണക്കാരന്റെ പ്രശ്നങ്ങളെയെല്ലാം ക്യാമറക്കണ്ണിലൂടെ ലോകത്തെത്തിക്കാന്‍ കഴിഞ്ഞ ഫോട്ടോഗ്രാഫറായിരുന്നു ദാനിഷ്. ലോകത്തിലെ സംഘര്‍ഷങ്ങളെ ലോകത്തിന് തന്നെ ബോധ്യപ്പെടുത്തിക്കൊടുക്കാനുളള ശ്രമത്തിനിടെയാണ് ദാനിഷ് സിദ്ദിഖിക്ക് ജീവന്‍ ബലികൊടുക്കേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ക്കോ വിവരണങ്ങള്‍ക്കോ അതീതനായ ഒരു ഫോട്ടോജേണലിസ്റ്റായിരുന്നു ദാനിഷ് സിദ്ദിഖിയെന്ന് കേരള പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി അനുസ്മരിച്ചു.
ലോകത്തിന്റെ കണ്ണുതുറപ്പിക്കാന്‍ ക്യാമറയുടെ ഷട്ടര്‍ തുറന്ന വിശ്വപ്രസിദ്ധ ഫോട്ടോ ജേണലിസ്റ്റായിരുന്നു ദാനിഷ് സിദ്ദിഖിയെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷപ്രസംഗത്തില്‍ അനുസ്മരിച്ചു. ദാനിഷ് പകര്‍ത്തിയ, റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ നേരിടുന്ന മനുഷ്യത്വഹീനമായ അവസ്ഥ ലോകത്തെ അറിയിച്ച ചിത്രം മനസ്സില്‍നിന്നും മായുന്നതല്ല. ഇന്ത്യയിലെ പുലിസ്റ്റര്‍ ജേതാക്കളെ ആദരിക്കുന്നതിന്റെ ഭാഗമായി ദാനിഷിനെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കേരള മീഡിയ അക്കാദമി നടപടികള്‍ സ്വീകരിച്ചുവരുന്നതിന് മധ്യേയാണ് അദ്ദേഹത്തിന്റെ അരുംകൊലയെന്നും ഈ പ്രദര്‍ശനം കുറച്ചുകൂടി വിപുലമായി സംസ്ഥാനത്തിന്റെ കൂടുതല്‍ കേന്ദ്രങ്ങളില്‍ അക്കാദമിയും പത്രപ്രവര്‍ത്തകയൂണിയനും ചേര്‍ന്ന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംഘടിപ്പിക്കുമെന്നും ആര്‍.എസ്.ബാബു കൂട്ടിച്ചേര്‍ത്തു.
മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച കൈപ്പുസ്തകങ്ങളുടെ ഒരു കിറ്റ് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു സ്പീക്കര്‍ക്കും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് കെ.പി.റെജി പ്രതിപക്ഷനേതാവിനും സമ്മാനിച്ചു.അക്കാദമിയുടെ ഫോട്ടോജേണലിസം കോഴ്സ് വിജയികള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് ദാനവും ചടങ്ങില്‍ ചെയര്‍മാന്‍ നിര്‍വ്വഹിച്ചു.
മീഡിയ അക്കാദമി സെക്രട്ടറി എന്‍.പി സന്തോഷ് സ്വാഗതം ആശംസിച്ചു. പത്രപ്രവര്‍ത്തകയൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബി.അഭിജിത്, കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് ചെയര്‍മാന്‍ സുരേഷ് വെള്ളിമംഗലം, ക്യാപിറ്റല്‍ ലെന്‍സ് വ്യു പ്രതിനിധി രാകേഷ് നായര്‍, വനിതാ ഫോട്ടോജേണലിസ്റ്റ് യു.എസ്.രാഖി, ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ പ്രമോദ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ അക്കാദമിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനിലൂടെ ദാനിഷ് സിദ്ദിഖിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുളള രക്തസാക്ഷി പ്രണാമവും നടന്നു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി ഇ.എസ്.സുഭാഷ്, അക്കാദമി മുന്‍ സെക്രട്ടറി കെ.ജി.സന്തോഷ്, മാതൃഭൂമി ഡല്‍ഹി ബ്യുറോ ചീഫ് ബസന്ത് പങ്കജാക്ഷന്‍, മലയാളമനോരമ മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ പി.മുസ്തഫ, മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.കെ.സന്തോഷ്, ഫോട്ടോഗ്രാഫര്‍ മധുരാജ്, വി.കെ.ഷഫീര്‍, ബോണി ജെയിംസ് (ഗള്‍ഫ്‌െൈ ടം) ക്യാപിറ്റല്‍ ലെന്‍സ് വ്യു കണ്‍വീനര്‍ ദീപന്‍ പ്രഭാത്,ശിവജി, കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ഫാക്കല്‍റ്റിമാരായ കെ.അജിത്,കെ.ഹേമലത തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാധ്യമപ്രവര്‍ത്തകരും മാധ്യമഫോട്ടോഗ്രാഫര്‍മാരും ഓണ്‍ലൈനിലൂടെ ദാനിഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.