ലിംഗനീതിപരമായ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് പുതുതലമുറയുടെ ഉത്തരവാദിത്തമെന്ന് ഡിജിപി ബി. സന്ധ്യ


മാധ്യമരംഗത്ത് ലിംഗപരമായ വിവേചനം ഇല്ലാതാക്കാന്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് പുതിയ തലമുറയുടെ ഉത്തരവാദിത്തമാണെന്നും പോലീസ് സേനയില്‍ മാത്രമല്ല പൊതു വിഭാഗത്തിലും കൂടുതല്‍ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും ഫയര്‍ ആന്‍ഡ് റെസ്‌ക്യു മേധാവി ഡിജിപി ഡോ. ബി സന്ധ്യ പറഞ്ഞു.  കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ലിംഗനീതിയും മാധ്യമങ്ങളും എന്ന വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. സന്ധ്യ.
സമൂഹത്തിന്റെ പ്രതിഫലനമാണ് മാധ്യമങ്ങളില്‍ കാണുന്നത് എന്നതിനാല്‍ വ്യക്തിത്വവികസനത്തിന് പ്രാധാന്യം നല്‍കണം. ലിംഗപരമായ വേര്‍തിരിവുകള്‍ ഒഴിവാക്കാന്‍ താക്കോല്‍ സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് ഇച്ഛാശക്തി ഉണ്ടാകണം.  ഇരകളാക്കപ്പെടുന്ന സ്ത്രീകളുടെ കുടുംബപശ്ചാത്തലം വാര്‍ത്തകളില്‍ കൊടുക്കുന്നതും കുഞ്ഞുങ്ങളെ  തിരിച്ചറിയാന്‍ കഴിയുന്ന സൂചനകള്‍ കൊടുക്കുന്നതും ഒഴിവാക്കണം. ലിംഗപരമായ വിഷയങ്ങള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യുന്ന പക്ഷം ഇത്തരം പ്രശ്‌നങ്ങളുടെ പരിഹാരത്തിന് വേദിയൊരുക്കാന്‍ പോലും  മാധ്യമങ്ങള്‍ക്ക് കഴിയും. ആത്മഹത്യ, അതിക്രമങ്ങള്‍ എന്നിവ അനാവശ്യമായി സെന്‍സേഷണലൈസ് ചെയ്യുകവഴി  പ്രത്യാഘാതങ്ങള്‍ ഗുരുതരമാകുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് വിവേചന ബുദ്ധിയോടെ ചിന്തിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണം. ആത്മഹത്യകളും അതിക്രമങ്ങളും കൂടുതല്‍ പേര്‍ക്ക് പ്രേരണയാകുമോ എന്ന് ചിന്തിക്കണം. ബീഹാറില്‍ പോയാല്‍ തോക്ക് കിട്ടാം എന്ന ചിന്ത ഉണ്ടാക്കുന്ന തരം  റിപ്പോര്‍ട്ടിംഗ് രീതികളില്‍ മാറ്റം വേണം.  സ്ത്രീധനസമ്പ്രദായം  അടിമുടി മാറണമെന്നും ഡോ. സന്ധ്യ പറഞ്ഞു.  .
സ്ത്രീകളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതില്‍ മാധ്യമപരിശീലനം അനിവാര്യമാണ്. മാധ്യമ പരിശീലന സ്ഥാപനങ്ങള്‍ക്ക്  ലിംഗവിവേചനപരമായ മാധ്യമ രീതികളില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് വിഷയാവതരണം നടത്തിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ഹിന്ദു  ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററുമായ സരസ്വതി നാഗരാജന്‍ പറഞ്ഞു. 
മാധ്യമതലപ്പത്ത് സ്ത്രീ പ്രാതിനിധ്യം ഇനിയും വര്‍ധിക്കുമെന്ന് മീഡിയ വണ്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അഭിലാഷ് മോഹന്‍ അഭിപ്രായപ്പെട്ടു.വനിതാ കൂട്ടായ്മകള്‍ മാധ്യമ സ്ഥാപനങ്ങളില്‍ സജീവമായതോടെ സ്ത്രീകള്‍ക്കെതിരായുള്ള വാര്‍ത്തകളില്‍ വലിയ മാറ്റം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മാതൃഭൂമി ഓണ്‍ലൈന്‍ സബ് എഡിറ്റര്‍ നിലീന അത്തോളി അഭിപ്രായപ്പെട്ടു. മാധ്യമങ്ങളില്‍ ഉയോഗിക്കുന്ന സ്ത്രീവിരുദ്ധമായ പ്രയോഗങ്ങള്‍ ഒഴിവാക്കി പുതിയ പദാവലികള്‍ കണ്ടെത്തേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലിംഗാവബോധം സൃഷ്ടിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ് ബാബു പറഞ്ഞു.
അക്കാദമിയുടെ ജേണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗം സംഘടിപ്പിച്ച വെബിനാറില്‍ സെക്രട്ടറി എന്‍.പി. സന്തോഷ്, ജേണലിസം വിഭാഗം അധ്യാപിക കെ. ഹേമലത, മാധ്യമപ്രവര്‍ത്തകര്‍,  ഫാക്കല്‍റ്റി അംഗങ്ങള്‍  എന്നിവര്‍ പങ്കെടുത്തു.