ശ്രേഷ്ഠമായ ജനാധിപത്യം എന്ന സ്ഥാനം ഇന്ത്യക്ക് ലഭിക്കണമെങ്കില്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് ഇടം നല്കണം – ഡോ സെബാസ്റ്റ്യന്‍ പോള്‍


നമ്മുടെ സ്മാര്‍ട് ഫോണിനകത്തേക്കുള്ള ഭരണകൂടത്തിന്റെ നുഴഞ്ഞുകയറ്റങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും സ്വന്തം ജനങ്ങള്‍ക്കെതിരെ ഭരണകൂടത്തിന്റെ നുഴഞ്ഞുകയറ്റമാണ് പെഗാസസ് വിവാദത്തില്‍ വെളിവായതെന്നും മുന്‍ എം പി സെബാസ്റ്റിയന്‍ പോള്‍.  മാധ്യമദിനത്തോടനുബന്ധിച്ച് കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച മാധ്യമങ്ങളും ഭരണകൂടവും സെമിനാര്‍, അക്കാദമിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രേഷ്ഠമായ ജനാധിപത്യം എന്ന സ്ഥാനം ഇന്ത്യക്ക് ലഭിക്കണമെങ്കില്‍  അഭിപ്രായസ്വാതന്ത്ര്യത്തിന് ഇടം നല്‌കേണ്ടതാണ്. കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് നേടിയ കാര്‍ട്ടൂണിനെതിരെ ഉയര്‍ന്ന വിവാദം സമൂഹത്തില്‍ വളരുന്ന അസഹിഷ്ണുതയാണ് സൂചിപ്പിക്കുന്നത്. ലോകത്തെവിടെയും അഭിപ്രായസ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്ന കാലമാണിത്. രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്കു ലഭിച്ച നോബല്‍ സമ്മാനം അഭിപ്രായസ്വാതന്ത്ര്യം എന്ന ആശയത്തിന് ലഭിച്ച പുരസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമദിനത്തോടനുബന്ധിച്ച് അക്കാദമി സംഘടിപ്പിച്ച ഡാനിഷ് സിദ്ദിഖി ഫോട്ടോപ്രദര്‍ശനം മുന്‍ എംപിമാരായ ഡോ സെബാസ്റ്റിയന്‍ പോളും പ്രൊഫ കെ വി തോമസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വായനകുറയുമെന്ന് ആശങ്കപ്പെടുന്ന ഈ കാലഘട്ടത്തിലും പുസ്തകങ്ങള്‍ വിറ്റുപോകുന്നുണ്ടെന്ന് പ്രൊഫ കെ വി തോമസ് പറഞ്ഞു. മാധ്യമസ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന ഈ സന്ദര്‍ഭത്തില്‍ പോലും വായനയും പുസ്തകങ്ങളും മാധ്യമങ്ങളും ജീവനോടെ നിലനില്ക്കുന്നുവെന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. 
വസ്തുതകളെ വേണ്ടത്ര പരിശോധിക്കാതെയാണോ മാധ്യമങ്ങള്‍ നിലവില്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ എം പി സുരേന്ദ്രന്‍ പറഞ്ഞു. ശബ്ദങ്ങളും പ്രതിശബ്ദങ്ങളും ഉള്‍പ്പെടുന്നതാണ് ജനാധിപത്യം. പ്രതിശബ്ദങ്ങള്‍ കേള്‍ക്കാനനുവദിക്കുന്നില്ല എന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്കിടയില്‍ വളരെ പിന്നിലായി 142-ാം സ്ഥാനത്താണെന്ന് യോഗത്തില്‍ അദ്ധ്യക്ഷനായ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഭീഷണി നേരിടുന്ന ഈ ഘട്ടത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ വെറും കടലാസുപുലിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.