വിപിആര്‍- ഡോക്യുഫിക്ഷന്‍ പുറത്തിറക്കി


 കേരള മീഡിയ അക്കാദമി നിര്‍മിച്ച് ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത മാധ്യമരംഗത്തെ കുലപതികളിലൊരാളായ വി പി രാമചന്ദ്രനെക്കുറിച്ചുള്ള ഡോക്യു ഫിക്ഷന്‍ പ്രകാശനം ചെയ്തു.    അക്കാദമി മുന്‍ ചെയര്‍മാന്‍ തോമസ് ജേക്കബ് പ്രകാശനം നിര്‍വഹിച്ചു. 97-ാം വയസ്സിലും സജീവചിന്തകളുള്ള വി പി രാമചന്ദ്രന്‍ നിര്‍ഭയപത്രപ്രവര്‍ത്തനം നിര്‍വഹിച്ച വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെയും ഇന്ത്യയിലെയും അടിയന്തിരാവസ്ഥ റിപോര്‍ട്ടിങുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഇടപെടലുകളും തോമസ് ജേക്കബ് ഓര്‍മിച്ചു.  മാധ്യമരംഗത്തെ കുലപതികളെക്കുറിച്ചുള്ള അക്കാദമിയുടെ ഡോക്യുഫീക്ഷന്‍ പദ്ധതി പുരോഗമിക്കുന്നുവെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു. സംവിധായകനും ഫോട്ടോഗ്രാഫറുമായ ശിവന്‍, കെ എം റോയ്, ശശികുമാര്‍ എന്നിവരെക്കുറിച്ചുള്ള ഡോക്യുഫിക്ഷനുകള്‍ പൂര്‍ത്തിയായി. ടി ജെഎസ് ജോര്‍ജ്, കെ മോഹനന്‍, ഇപി ഉണ്ണി എന്നിവരെക്കുറിച്ചുള്ള ഡോക്യുഫിക്ഷനുകള്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിപി രാമചന്ദ്രനെക്കുറിച്ചുള്ള ഡോക്യു ഫിക്ഷന്റെ പ്രദര്‍ശനവും നടന്നു. സണ്ണിക്കുട്ടി എബ്രഹാമാണ് ഡോക്യുഫിക്ഷന്റെ ക്രിയേറ്റിവ് ഡയറക്ടര്‍. യോഗത്തില്‍ അക്കാദമിസെക്രട്ടറി എന്‍ പി സന്തോഷ്, ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല എന്നിവര്‍ സംസാരിച്ചു.