മീഡിയ അക്കാദമി ദ്വിദിന ശില്പശാലയ്ക്ക് തുടക്കം
നികുതി വെട്ടിച്ചും അഴിമതി നടത്തിയുമുള്ള പണാപഹരണം ഇന്ത്യയിൽ വർദ്ധിച്ചു വരുന്നു : ഡ്ര്യൂ സള്ളിവൻ.
നികുതി വെട്ടിച്ചും അഴിമതി നടത്തിയുമുള്ള പണാപഹരണം ഇന്ത്യയിൽ വർദ്ധിച്ചു വരികയാണെന്ന് സംഘടിത കുറ്റകൃത്യങ്ങളും അഴിമതിയും റിപോർട്ട് ചെയ്യുന്ന അന്തർദേശീയ മാധ്യമ കൂട്ടായ്മ എഡിറ്ററും സഹസ്ഥാപകനുമായ ഡ്ര്യൂ സള്ളിവൻ.
കേരള മീഡിയ അക്കാദമി, അന്വേഷണാത്മക പത്ര പ്രവർത്തകരുടെ ആഗോള സംഘടനയായ ഓ സി സി ആർ പി യുടെ ( ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപോർട്ടിങ് പ്രൊജക്ട് ) സഹകരണത്തോടെ എറണാകുളം ഹോട്ടൽ പ്രസിഡൻസിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസത്തെ കുറിച്ചുള്ള ശിൽപ്പശാല ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വലിയ തോതിൽ പണം വിദേശത്തേക്ക് ഇന്ത്യയിൽ നിന്ന് കൊള്ളയടിച്ച് പുറത്തേക്ക് കടത്തുകയാണ്. ഇത് കണക്കാക്കുന്നതിൽ മാധ്യമങ്ങൾക്ക് പരിമിതിയുണ്ട്. പണച്ചെലവും സാങ്കേതിക സംവിധാനങ്ങളും ഇത് വെളിച്ചത്തു കൊണ്ടു വരാൻ ആവശ്യമാണ്. ഇത് വിദഗ്ദ്ധ ഗവേഷണത്തിലൂടെ പുറത്തു കൊണ്ടു വന്ന് സഹായിക്കാൻ ഓ സി സി ആർ പി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പത്രപ്രവർത്തനത്തിൻറെ ഗ്ലാമറിൽ കുരുങ്ങി പോകാതിരിക്കുക എന്നതാണ് പത്രപ്രവർത്തകർ ശ്രദ്ധിക്കേണ്ട കാര്യമെന്ന് ശില്പശാല നയിക്കുന്ന അന്വേഷണാത്മക പത്ര പ്രവർത്തകനും ഗ്രന്ഥ കർത്താവുമായ ജോസി ജോസഫ് പറഞ്ഞു.. അന്വേഷണാത്മക മാധ്യമപ്രവർത്തകൻ ഒരിക്കലും കഥയിലെ നായകനാകരുത്.
കഥയുടെ അരികിലൂടെ, മുഴുവൻ നിരീക്ഷിച്ച് കടന്നുപോകുന്ന ഒരാളായിരിക്കണം. ആഗോള തലത്തിലുള്ള ജേണലിസ്റ്റ് കൂട്ടായ്മകളുടെ ഉദയത്തോടെ, അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ സുവർണ കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
വിദേശരാജ്യങ്ങളിൽ സ്ഥാപിക്കപ്പെടുന്ന കറക്കുകമ്പനികൾ വഴി പണം കൈമാറുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വ്യാപകമാണെന്ന് ക്യാമ്പ് ഡയറക്ടറായ ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ എസ് ബിജു പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ തൊഴിൽപരമായ വൈവിധ്യം വളർത്തുക എന്നത് അക്കാദമിയുടെ ലക്ഷ്യങ്ങളിലൊന്നാണെന്ന് അക്കാദമി ചെയർമാൻ ആർ എസ് ബാബു പറഞ്ഞു. മാധ്യമരംഗത്തെ സാർവദേശീയ ശില്പശാലകൾ ആഗോള തലത്തിൽ ഉള്ള സഹായം മാധ്യമപ്രവർത്തകർക്ക് ലഭ്യമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി സെക്രട്ടറി എൻ.പി. സന്തോഷ് സംസാരിച്ചു.
സംസ്ഥാനത്തെ വിവിധ മാധ്യമങ്ങളിലെ സീനിയർ പത്രപ്രവർത്തകരാണ് ദ്വിദിന ശില്പശാലയിൽ പങ്കെടുക്കുന്നത്. ശില്പശാല ചൊവ്വാഴ്ച അവസാനിക്കും.