മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കണം: ഗവര്‍ണര്‍
മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കണമെന്ന് കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച മാധ്യമപ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 27 വൈകുന്നേരം 5.30ന് തിരുവനന്തപുരം, കോവളം കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് ക്രാഫ്്റ്റ് വില്ലേജായിരുന്നു വേദി. വസ്തുതകള്‍ മുഖം നോക്കാതെ പറയുക എന്നതാണ് യഥാര്‍ത്ഥ മാധ്യമധര്‍മമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭരണാധികാരികള്‍ക്ക് പ്രിയങ്കരമാണെങ്കിലും അല്ലെങ്കിലും വാര്‍ത്തകള്‍ മുഖം നോക്കാതെ റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് നല്ല മാധ്യമപ്രവര്‍ത്തകന്റെ കടമ. സഞ്ജയന്‍ മഹാഭാരതയുദ്ധത്തിലെ വാര്‍ത്തകള്‍ ധൃതരാഷ്ട്രരെ അറിയിച്ചപ്പോള്‍ അത് കേള്‍ക്കുന്നയാളുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കിയല്ല പറഞ്ഞത്. ആ ധീരതയാണ് മാധ്യമപ്രവര്‍ത്തകര്‍ കാണിക്കേണ്ടത്.
2018, 2019 വര്‍ഷങ്ങളിലെ അക്കാദമിയുടെ മാധ്യമ അവാര്‍ഡുകള്‍ 15 മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗവര്‍ണര്‍ സമ്മാനിച്ചു. അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ പി.ജി.ഡിപ്ലോമ കോഴ്സിന്റെ കോണ്‍വക്കേഷനും ഗവര്‍ണര്‍ നിര്‍വ്വഹിച്ചു.
കേരളത്തിന്റെ സവിശേഷതകള്‍, പ്രത്യേകിച്ച് മുസ്ലിംപാനിയും ഹിന്ദുപാനിയും ഇല്ലാത്ത മലയാളനാടിന്റെ മതനിരപേക്ഷ സ്വഭാവം ഇതരസംസ്ഥാനങ്ങളിലെത്തുമ്പോള്‍ പോലും അവിടുത്തെ ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന നല്ലൊരു ഭാരതീയനും ഒപ്പം ഒരു കേരളീയനായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ബഹുമാന്യവ്യക്തിത്വമാണ് ഗവര്‍ണര്‍ ശ്രീ.ആരിഫ് മുഹമ്മ്ദ് ഖാന്‍ എന്ന് അക്കാദമി ചെയര്‍മാന്‍ ശ്രീ.ആര്‍.എസ്.ബാബു അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മാധ്യമങ്ങളുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഗവര്‍ണറോട് അതുകൊണ്ടുതന്നെ മീഡിയ അക്കാദമിക്ക് പ്രത്യേകമായ മമതയുണ്ടെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.അക്കാദമി വൈസ് ചെയര്‍മാന്‍ ശ്രീ.ദീപു രവി ഗവര്‍ണര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു
എം.വിന്‍സന്റ് എം.എല്‍.എ, മാധ്യമ നിരീക്ഷകന്‍ ഡോ.സെബാസ്റ്റ്യന്‍ പോള്‍, ഡോ.ചിന്ത ജെറോം അക്കാദമി അസി.സെക്രട്ടറി ശ്രീമതി കല.കെ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ.എം.ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെ സഹകരണത്തോടെ കലാപരിപാടികളും അവതരിപ്പിച്ചു.