കേരള മീഡിയ അക്കാദമി 2020 ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു :

കേരള മീഡിയ അക്കാദമിയുടെ 2020 ലെ 6 മാധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു പ്രഖ്യാപിച്ചു. 25000 രൂപയും പ്രശസ്തിപത്രവും ശില്‍പവും ആണ് പുരസ്‌കാരം.മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡിന് ദീപിക സബ്ബ് എഡിറ്റര്‍ റെജി ജോസഫ് അര്‍ഹനായി.കോവിഡിന്റെ താണ്ഡവത്തില്‍ ലോകം വിറങ്ങലിച്ചു നിന്നപ്പോള്‍ പ്രതീക്ഷയുടെ നാമ്പുയര്‍ത്തി യുവ സ്റ്റാര്‍ട്ടപ്പുകള്‍ അതിജീവനത്തിന്റെ കേരള മോഡല്‍ തീര്‍ത്തതെങ്ങനെയാണെന്ന് നോക്കിക്കണ്ട കോവിഡ് അതിജീവനം കേരളമോഡല്‍ എന്ന പരമ്പരയാണ് റെജി ജോസഫിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ജെ.പ്രഭാഷ്,കെ.ജി.ജേൃാതിര്‍ഘോഷ് ,കെ.പി.രവീന്ദനാഥ് എന്നിവരായിരുന്നു വിധിനിര്‍ണ്ണയ സമിതിയംഗങ്ങള്‍ .മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റര്‍ മനോഹരന്‍ മോറായി അര്‍ഹനായി. രക്ഷാപ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ട് എന്ന എഡിറ്റോറിയലാണ് ബഹുമതിക്ക് നിദാനം. സി രാധാകൃഷ്ണന്‍, ഡോ.സെബാസ്റ്റ്യന്‍ പോള്‍, പി.വി.മുരുകന്‍ എന്നിവരടങ്ങുന്നതായിരുന്നു കമ്മറ്റി.മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് മംഗളം സബ്ബ് എഡിറ്റര്‍ വിപി നിസാറിനാണ്. ഐഎസ് വലയില്‍പെട്ട് കേരളം വിട്ട് ദുരിതക്കയത്തില്‍ അകപ്പെട്ട യുവാക്കളെയും അവരുടെ കുടുംബങ്ങളെയും കുറിച്ചു അന്വേഷണമായ ‘സ്വര്‍ഗം തേടി നരകം വരിച്ചവര്‍’ എന്ന പരമ്പരയാണ് ബഹുമതിക്ക് തിരഞ്ഞെടുത്തത്. ജി.ശേഖരന്‍ നായര്‍, പി.പി ജയിംസ്, എ.ജി ഒലീന എന്നിവരായിരുന്നു വിധി നിര്‍ണ്ണയ സമിതിയംഗങ്ങള്‍.മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് മാതൃഭൂമി പ്രാദേശിക ലേഖകന്‍ സോജന്‍ വാളൂരാനാണ്. ‘പൈപ്പിന്‍ ചുവട്ടിലെ വൈപ്പിന്‍’ എന്ന പരമ്പരയാണ് അവാര്‍ഡിനര്‍ഹനാക്കിയത്. കെ വി കുഞ്ഞിരാമന്‍,ഡോ.കായംകുളം യൂനുസ്,എം.എസ് ശ്രീകല എന്നിവരായിരുന്നു ജൂറി.മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള മീഡിയ അക്കാദമി അവാര്‍ഡ് മെട്രോ വാര്‍ത്തയിലെ വിമിത് ഷാലിന് അര്‍ഹനായി. ‘നന്ദിയോടെ മടക്കം’ എന്ന ശീര്‍ഷകത്തിലുള്ള വാര്‍ത്താചിത്രമാണ് ഇദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്. ദ് ഹിന്ദു വിന്റെ ഫോട്ടോ ഗ്രാഫര്‍ തുളസി കക്കാട്ട്് സ്‌പെഷല്‍ ജൂറി പുരസ്‌കാരത്തിന് അര്‍ഹനായി. ‘ഡസ്റ്റ് ബൗള്‍’ എന്ന വാര്‍ത്താചിത്രമാണ് ഇദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്. ഷാജി എന്‍ കരുണ്‍, റോസ് മേരി, സി. രതീഷ് കുമാര്‍ എന്നിവരായിരുന്നു വിധി നിര്‍ണ്ണയ കമ്മറ്റിയംഗങ്ങള്‍ .മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡിന് ഏഷ്യാനെറ്റിലെ ആര്‍.പി വിനോദ് അര്‍ഹനായി. ഓണ്‍ലൈന്‍ മയക്കുമരുന്ന് എന്ന റിപ്പോര്‍ട്ടാണ് ബഹുമതി നേടിക്കൊടുത്തത്. മുന്‍ ഡിജിപി എ.ഹേമചന്ദ്രന്‍,കെ.വി ജയദീപ്,ഡോ.നീതു സോന എന്നിവരടങ്ങിയ കമ്മറ്റിയാണ് വിധി നിര്‍ണ്ണയം നടത്തിയത്. ജൂലൈയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.