രഘുറായിക്ക് വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി പ്രൈസ്

ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘുറായിക്ക് കേരള മീഡിയ അക്കാദമിയുടെ വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി പ്രൈസ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് സമ്മാനിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂലൈയില്‍ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അറിയിച്ചു.

ഭോപാല്‍ വിഷവാതകദുരന്തത്തിന്റെ ഭീതിദമായ മുഖങ്ങളും മദര്‍ തെരേസയുടെ കാരുണ്യത്തിന്റെ ഭാവങ്ങളും ഇന്ത്യന്‍ ഭരണചക്രം തിരിച്ചവരുടെ അപൂര്‍വ്വ മുഖങ്ങളും ജനമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയത് രഘുറായിയുടെ ക്യാമറക്കണ്ണുകളിലൂടെയാണ്. 1972-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

തോമസ് ജേക്കബ്, ഡോ.സെബാസ്റ്റിയന്‍ പോള്‍, പ്രശസ്ത ഫോട്ടോഗ്രാഫര്‍ സരസ്വതി ചക്രബര്‍ത്തി എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. കേരളത്തിന്റെ വലിയ ബഹുമതിക്ക് താന്‍ അര്‍ഹനായതില്‍ രഘുറായ് സന്തോഷം അറിയിച്ചു. ഇപ്പോള്‍ ഫോട്ടോപ്രദര്‍ശനവുമായി അമേരിക്ക ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ പര്യടനത്തിലാണ്. ജൂണ്‍ അവസാനം നാട്ടില്‍ തിരിച്ചെത്തും. മുഖ്യമന്ത്രിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുന്നതിന് സന്തോഷപൂര്‍വ്വം എത്തുമെന്ന് രഘുറായ് ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു.

വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക്ക് ഊട്ട്, മൂന്ന് പുലിസ്റ്റര്‍ സമ്മാനം നേടിയ ബാര്‍ബറ ഡേവിഡ്‌സണ്‍ എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ ഈ അവാര്‍ഡിന് അര്‍ഹരായത്.