പ്രവാസികള്‍ കേരളസംസ്‌കാരത്തിലും ഭാഷയിലും സാഹിത്യത്തിലും ഉണ്ടാക്കിയ സ്വാധീനം തിരിച്ചറിയണം: ബന്ന്യമിന്‍
പ്രവാസികള്‍ കേരള സംസ്‌കാരത്തിലും ഭാഷയിലും സാഹിത്യത്തിലും ഉണ്ടാക്കിയ സ്വാധീനം തിരിച്ചറിയണമെന്ന് പ്രമുഖ പ്രവാസി സാഹിത്യകാരന്‍ ബന്ന്യമിന്‍ പറഞ്ഞു. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ സഹകരണത്തോടെ കേരള മീഡിയ അക്കാദമിയും ഇന്ത്യന്‍ പ്രവാസി പഠനകേന്ദ്രവും കേരളത്തിലെ മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കായി ‘മാധ്യമങ്ങളും പ്രവാസികളും ‘ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല മീഡിയ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികള്‍ കേരളത്തില്‍ എത്തിക്കുന്ന സമ്പത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍ അവര്‍ അനുഭവിക്കുന്ന വിവിധതലങ്ങളിലെ പ്രശ്‌നങ്ങള്‍ മാനുഷിക തലത്തില്‍ കാണാനും നമുക്ക് കഴിയണം. പ്രവാസ ജീവിതങ്ങള്‍ അടയാളപ്പെടുത്തുന്ന സാഹിത്യകൃതികള്‍ മലയാളത്തിലും ചര്‍ച്ചചെയ്യപ്പെടുന്നു എന്നത് സ്വാഗതാര്‍ഹമാണ്. കേരളത്തിലെ സമ്പദ് വ്യവസ്ഥയില്‍ പ്രവാസി സ്ത്രീകളുടെ പങ്ക് ശ്രദ്ധേയമാണ്.ഗള്‍ഫിലേക്കുള്ള മലയാളികളുടെ ഒഴുക്ക് കുറഞ്ഞു എങ്കിലും മറുനാട്ടിലേക്കുള്ള കുടിയേറ്റം വര്‍ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ കേരളത്തിന്റെ പരമ്പരാഗത വ്യവസ്ഥിതികളെ തകര്‍ത്തുവെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ മുന്‍ എം.എല്‍.എ. പി.ടി.കുഞ്ഞിമൂഹമ്മദ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള പ്രവാസികളുടേതിന് സമാനമായ അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ അഭിമുഖീകരിക്കുന്നത്. ഇവരോട് മാധ്യമങ്ങള്‍ കുറച്ചുകൂടി മാനുഷിക തലത്തില്‍ ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ പണം മാത്രമല്ല, ജീവിതവും ആത്മനൊമ്പരവും തിരിച്ചറിയാനുള്ള ശ്രമം കൂടി വേണമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി പറഞ്ഞു.
പ്രമുഖ മാധ്യമപ്രവര്‍ത്തകരായ മുസാഫര്‍ അഹമ്മദ്, വര്‍ഗീസ് കോശി,പി.എ.എം.ഹാരിസ്, കെ.എസ്.ആര്‍.മേനോന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ഐഎല്‍ഒ പ്രതിനിധി സീത ശര്‍മ്മ ആശംസയര്‍പ്പിച്ചു. പ്രവാസി പഠനകേന്ദ്രം ഡയറക്ടര്‍ റഫീക്ക് റാവുത്തര്‍ സ്വാഗതവും അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം.രാമചന്ദ്രന്‍ ചടങ്ങില്‍ നന്ദിയും പറഞ്ഞു.