ജേണലിസത്തില്‍ ഇത് സത്യാനന്തരകാലം: മന്ത്രി ബാലഗോപാല്‍

മാധ്യമരംഗത്ത് സ്വതന്ത്രമായി ചെയ്യുന്ന പ്രവര്‍ത്തനത്തിന് കേരള മീഡിയ അക്കാദമി നല്‍കിവരുന്ന ഫെലോഷിപ്പാണിതെന്നും പുതിയ കാലത്ത് അത് വളരെ പ്രധാനമാണെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരള മീഡിയ അക്കാദമിയുടെ 2021-22 വര്‍ഷത്തെ മാധ്യമ ഫെലോഷിപ്പിന് അര്‍ഹരായവര്‍ പങ്കെടുത്ത മാധ്യമപ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലായ് 27ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലായിരുന്നു മാധ്യമപ്രതിഭാസംഗമവും ശില്പശാലയും.

എല്ലാവരും മാധ്യമപ്രവര്‍ത്തകരും ഓണ്‍ലൈന്‍ അവതാരകരും ആകുന്ന കാലമാണിത്. ആര് തയ്യാറാക്കിവിടുന്നതും വാര്‍ത്തയില്‍ വരുന്ന കാലമാണിത്. പഴയകാലത്തെപ്പോലെ വ്യവസ്ഥാപിതമായ പത്രപ്രവര്‍ത്തനത്തിന്റെ കെട്ടുപാടുകളിലോ ശൈലിക്കകത്തോ നിന്നുമാത്രമല്ല ഇന്ന് പത്രപ്രവര്‍ത്തനം നടത്തുന്നത്. ജേണലിസത്തില്‍ സത്യാനന്തരം വളരെ ഇഫക്ടീവായി വരുന്ന കാലം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു. ഒരു ദിവസം മുഴുവന്‍ മാധ്യമങ്ങള്‍ ആഘോഷിച്ച വിഷയത്തില്‍ മൂന്നുദിവസം കഴിയുമ്പോള്‍ അതിലൊരു വാര്‍ത്തയുണ്ടോ എന്ന്  തിരിഞ്ഞുനോക്കിയാല്‍ പലപ്പോഴും ഉണ്ടാകില്ല. രാജ്യത്തിലെ പല കാര്യങ്ങളെ കുറിച്ചും നാം ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യേണ്ട ഘട്ടമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫെലോഷിപ്പ് ജേതാക്കള്‍ക്ക് മന്ത്രി ഫെലോഷിപ്പ് ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന ഉപഹാരം സമ്മാനിച്ചു. ടി.ദേവപ്രസാദിന് മികച്ച നിയമസഭാ റിപ്പോര്‍ട്ടിംഗിനുളള ഉപഹാരവും മന്ത്രി സമ്മാനിച്ചു.

മാധ്യമപ്രവര്‍ത്തനം വളരെ ആകര്‍ഷകമായ, പ്രതിബദ്ധതയുളള ഒരു സേവനരംഗവും തൊഴില്‍രംഗവുമാണെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. പക്ഷേ വെളിച്ചം കണ്ട് ഓടിയെത്തുന്ന ഈയാംപാറ്റകളെ പോലെ ചിറക് കൊഴിഞ്ഞുവീഴുന്നവര്‍ കൂടിയാണ് മാധ്യമപ്രവര്‍ത്തകരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോ.ജേക്കബ് പുന്നൂസ് ഐപിഎസ്, ഡോ. പി.കെ.രാജശേഖരന്‍, ഡോ.മീന.ടി.പിളള എന്നിവര്‍ ഫെലോഷിപ്പ് ജേതാക്കള്‍ക്കായി ശില്പശാല നയിച്ചു. അക്കാദമി അസി.സെക്രട്ടറി കെ.കല സ്വാഗതം ആശംസിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് കെ.പി.റെജി, എഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ്.ബിജു എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

സൂക്ഷ്മവിഷയങ്ങളില്‍ ഒരു ലക്ഷം രൂപ വീതമുള്ള ഫെലോഷിപ്പിന് കെ.ഹരികൃഷ്ണന്‍(മലയാളമനോരമ), കെ.പി.പ്രവിത(മാതൃഭൂമി) എന്നിവര്‍   അര്‍ഹരായി. സമഗ്രവിഷയത്തില്‍ (75,000/- രൂപ വീതം) എന്‍.പി സജീഷ് (ചലച്ചിത്രഅക്കാദമി ), സി. അശ്വതി (24 ന്യൂസ് ), ഐ.സതീഷ് (സമകാലിക മലയാള വാരിക ), വി.ശ്രീകുമാര്‍ (സ്‌പൈസസ് ബോര്‍ഡ് ) പി.കെ. മണികണ്ഠന്‍ (മാതൃഭൂമി), പി.സുബൈര്‍( മാധ്യമം), എം.സി നിഹ്‌മത്ത് (മാധ്യമം), ജിഷാ ജയന്‍ (ദേശാഭിമാനി) എന്നിവരും പൊതു ഗവേഷണ മേഖലയില്‍ എസ്.അനിത  (മാധ്യമം), ബി. ഉമേഷ് (ന്യൂസ് 18), ബിജു.ജി കൃഷ്ണന്‍ (ജീവന്‍ ടി.വി), കെ.പി.എം റിയാസ്  (മാധ്യമം), ജി.കെ.പി. വിജേഷ് (ഏഷ്യാനെറ്റ് ന്യൂസ് ),ലെനി ജോസഫ് (ദേശാഭിമാനി) ് രമ്യാമുകുന്ദന്‍ (കേരള കൗമുദി), വി.ആര്‍ ജ്യോതിഷ് കുമാര്‍ (വനിത ), അനസ് അസീന്‍ (മാധ്യമം), കെ.ആര്‍. അനൂപ്  (കൈരളി ന്യൂസ് ) അഷറഫ് തൈവളപ്പ് (ചന്ദ്രിക), ടി. സൂരജ് (മാതൃഭൂമി ) , ജി.രാഗേഷ് (മനോരമ ഓണ്‍ലൈന്‍),നിലീന അത്തോളി (മാതൃഭൂമി ഓണ്‍ലൈന്‍) കെ.എച്ച് ഹസ്‌ന (സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക )പി.ആര്‍. രാജേശ്വരി (എഴുത്ത് മാസിക) എന്നിവരും ഫെലോഷിപ്പിന് അര്‍ഹരായി.