നൂറ് ലഹരിവിരുദ്ധ വീഡിയോയുമായി കേരള മീഡിയ അക്കാദമി

ലഹരി വിപത്ത് വിളിച്ചറിയിക്കുന്ന നൂറ് ലഘുവീഡിയോകള്‍ കേരള മീഡിയ അക്കാദമി തയ്യാറാക്കും. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണപരിപാടിയുമായി ശ്രമങ്ങളുമായി വ്യത്യസ്ത ആശയങ്ങളുമായി മീഡിയ അക്കാദമി ഒപ്പംചേരും. ലഹരി ഇല്ലാതാക്കുന്ന ജീവിതങ്ങളുടെ നേര്‍സാക്ഷ്യം അവതരിപ്പിക്കുന്ന അഞ്ച് മിനുറ്റിൽ അധികരിക്കാത്ത അനവധി ഡോക്യുമെന്ററികള്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ നിര്‍മിക്കും. ഇതേ വിഷയത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി അക്കാദമിയുടെ മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹ്രസ്വചിത്രനിര്‍മാണ മത്സരം സംഘടിപ്പിക്കും. വിജയികള്‍ക്ക് ക്യാഷ്‌പ്രൈസും ട്രോഫിയും നല്‍കും. തിരഞ്ഞെടുക്കപ്പെട്ട വീഡിയോകള്‍ ദൂരദര്‍ശന്‍ ഉള്‍പ്പെടെയുളള ചാനലുകളില്‍ സംപ്രേഷണം ചെയ്യും. ഫോട്ടോജേണലിസ്റ്റുകളുടെ ലഹരിവിരുദ്ധ ചിത്രങ്ങളുടെ പ്രദര്‍ശനം വിവിധ കേന്ദ്രങ്ങളില്‍ പിആര്‍ഡിയുമായും കേരള പത്രപ്രവര്‍ത്തക യൂണിയനുമായും സഹകരിച്ച് ഒരുക്കും. ഫോട്ടോ വണ്ടി യാത്രയും ഉണ്ടാകും. ഒക്ടോബര്‍ 15 മുതല്‍ 30 വരെ പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ക്ക് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിലൂടെ അടിക്കുറിപ്പ് മത്സരം നടത്തും. വിജയികള്‍ക്ക് സമ്മാനം നല്‍കും. അക്കാദമിയുടെ ഇന്റര്‍നെറ്റ് റേഡിയോ ‘റേഡിയോ കേരള’യുടെ ആഭിമുഖ്യത്തില്‍ എല്ലാദിവസവും നിശ്ചിതസമയം ലഹരിവിരുദ്ധ സന്ദേശത്തിനായി മാറ്റും. റേഡിയോ കേരളയിലൂടെ വിദ്യാര്‍ത്ഥികളുടെ പ്രസംഗമത്സരം സംഘടിപ്പിക്കും. സംസ്ഥാനത്തെ മാധ്യമ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കാന്‍ ‘മീഡിയ ഫെസ്റ്റ്’ നടത്താനും അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ കെ.രാജഗോപാല്‍ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.