മാധ്യമ ബഹിഷ്‌ക്കരണത്തിന് ഗവര്‍ണര്‍ അര്‍ഹന്‍: കേരള മീഡിയ അക്കാദമി

മാധ്യമസമൂഹത്തിന്റെ ബഹിഷ്‌ക്കരണം ചോദിച്ചുവാങ്ങുന്ന ഏകാധിപത്യ നിലപാട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചിരിക്കുകയാണെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു പറഞ്ഞു.വാര്‍ത്താസമ്മേളനത്തിന് മാധ്യമങ്ങളെ വിളിച്ചുവരുത്തിയ ശേഷം വിവേചനപൂര്‍വ്വം രണ്ട് പ്രധാനമാധ്യമങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി ഏകാധിപത്യപരമാണ്. ഇത് ഇന്ത്യയില്‍ ഒരിടത്തും ഒരു ഗവര്‍ണറും ഇതുവരെ ചെയ്യാത്ത പ്രാകൃതകൃത്യമാണ്. ജനാധിപത്യവ്യവസ്ഥിതിയുളള നാട്ടില്‍ ഹിറ്റ്‌ലര്‍ ചമഞ്ഞ് മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നത് ഏറ്റവും അപകടകരമാണ്. കൈരളിയെയും മീഡിയ വണ്ണിനെയുമാണ് ഗവര്‍ണര്‍ നേരിട്ട് പേരുപറഞ്ഞ് ഇപ്പോള്‍ പുറത്താക്കിയതെങ്കില്‍ തനിക്ക് അനിഷ്ടം തോന്നുന്ന ഏത് മാധ്യമങ്ങളുടെ നേരെയും ഇനി തിരിയാം.മലയാള മാധ്യമങ്ങളോട് സംസാരിക്കില്ല എന്ന് സമീപസമയത്ത് ഗവര്‍ണര്‍ ശഠിച്ചിരുന്നു. വിവേചനപൂര്‍വ്വം മാധ്യമങ്ങളെ പുറത്താക്കാന്‍ ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് ഒരു അധികാരവും ജനാധിപത്യസമ്പ്രദായത്തില്‍ അനുവദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മാധ്യമങ്ങളെ വിവേചനപൂര്‍വ്വം പുറത്താക്കുന്ന ഗവര്‍ണര്‍, മാധ്യമങ്ങളുടെ ബഹിഷ്‌ക്കരണത്തിന് അര്‍ഹനാണ്. ഇക്കാര്യത്തില്‍ മാധ്യമസമൂഹവുമായി ബന്ധപ്പെട്ട സംഘടനകളും സ്ഥാപനങ്ങളും കൂട്ടായ നിലപാട് കൈക്കൊളേളണ്ടതുണ്ടെന്ന് അക്കാദമി ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.