അനുശോചന കുറിപ്പ്

അജിത്, പകരം വയ്്ക്കാനില്ലാത്ത മാധ്യമപ്രതിഭമലയാള മാധ്യമലോകത്ത് പകരം വയ്ക്കാനില്ലാത്ത മാധ്യമപ്രതിഭയാണ് വിടചൊല്ലിയത്.കെ.അജിത്തിന്റെ വേര്‍പാടില്‍ പൊലിഞ്ഞത് കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്റെ വെളിച്ചമാണ്. ടെലിവിഷന്‍ ജേണലിസം പരിശീലനത്തില്‍ അജിത്തിനോളം സാമര്‍ത്ഥ്യവും പ്രതിബദ്ധതയും മികവുമുളള മറ്റൊരു അധ്യാപകനില്ല. അതുകൊണ്ടാകണം അച്ഛന്‍ എന്ന അര്‍ത്ഥത്തില്‍ ‘അപ്പന്‍’ എന്ന് കുട്ടികള്‍ അജിത്തിനെ വിളിച്ചത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ രക്ഷിതാവായ അധ്യാപകന്‍. ടെലിവിഷന്‍ ജേണലിസത്തിലെ പുതിയ പ്രവണതകള്‍ പഠിപ്പിക്കാന്‍ ജാഗ്രത കാട്ടിയപ്പോള്‍ തന്നെ പ്രത്യയശാസ്ത്ര മൂല്യങ്ങളുടെ പ്രധാന്യം ഓര്‍മ്മിപ്പിച്ചു.പബ്ലിക് റിലേഷന്‍സ് വകുപ്പ് ഉദ്യോഗവും ഏഷ്യാനെറ്റിലെ താരപദവിയും വേണ്ടെന്നു വച്ചാണ് നല്ല ടിവി ജേണലിസ്റ്റുകളെ വാര്‍ത്തെടുക്കാനുളള ദൗത്യം ഏറ്റെടുത്തത്. ശമ്പളത്തെക്കാള്‍ വലുത് ജീവിതത്തില്‍ ചിലതുണ്ടെന്ന് ബോധ്യപ്പെടുത്തിയ മാധ്യമസാരഥി. ഏഷ്യാനെറ്റിന്റെ തുടക്കകാലത്ത് ആ ചാനലിന് ബൗദ്ധീകപ്രഭ പരത്തിയ ചെറുപ്പക്കാരന്‍. റെജി മേനോന്‍ റഷ്യയില്‍ നിന്നും കൊണ്ടുവന്ന സംഗീത-നൃത്ത-ശാസ്ത്ര പരിപാടികളുടെ ടേപ്പ് ഭാഷാന്തരം ചെയ്യാന്‍ പലരെയും ചുമതലപ്പെടുത്തി. ആ ദൗത്യം വിജയകരമായി നിര്‍വ്വഹിച്ചത് അജിത്താണ്. തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ ബ്യൂറോ ചീഫായിരുന്ന ആള്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലും മികവുകാട്ടി.ടെലിവിഷനിലെ പരിചയം ദൃശ്യമാധ്യമ വിദ്യാഭ്യാസ മേഖലയില്‍ ശ്രേഷ്ഠ അധ്യാപകനാക്കി അജിത്തിനെ മാറ്റി. ക്യാമറ എങ്ങനെ സാമൂഹ്യമാറ്റത്തിനുളള ഉപകരണമാക്കാമെന്ന് പഠിപ്പിച്ചു. ദൂരദര്‍ശനില്‍ പ്രതിവാരം മാധ്യമജാലകം എന്ന പ്രോഗ്രാം അക്കാദമി സംപ്രേഷണം ചെയ്യുന്നുണ്ട്. അത് 250-ാം എപ്പിസോഡിലെത്തുകയാണ്. ഇതിലൂടെ 200-ല്‍ അധികം മാധ്യമവിദ്യാര്‍ത്ഥികളെ ആങ്കര്‍മാരാക്കി. സ്‌ക്രിപ്റ്റ് റൈറ്റിംഗ്, റിസര്‍ച്ച് വര്‍ക്ക്, എഡിറ്റിംഗ് തുടങ്ങിയ ജോലികളെല്ലാം വിദ്യാര്‍ത്ഥികളെ കൊണ്ടുതന്നെയാണ് ചെയ്യിപ്പിക്കുന്നത്. ഇതിനെല്ലാം സാരഥ്യം വഹിച്ചതും ചുക്കാന്‍ പിടിച്ചതും അജിത്താണ്. അങ്ങനെ ഒരാള്‍ ഇനിയില്ല എന്നത് അക്കാദമിയുടെ മുന്നിലെ വലിയ ശൂന്യതയാണ്.പിണങ്ങാത്ത, സ്‌നേഹം മാത്രം തന്ന പ്രിയ സ്‌നേഹിതാ, ഈ വേര്‍പാട് ഞങ്ങള്‍ക്ക് സഹിക്കാനാവാത്ത വേദനയാണ്.മീഡിയ അക്കാദമിയുടെ ഹൃദയാഞ്ജലി……

ആര്‍.എസ്.ബാബു

ചെയര്‍മാന്‍