അറിവിന്റെ ആഘോഷരാവിന് ഉജ്ജ്വല സമാപനം- കേരള മീഡിയ അക്കാദമി ക്വിസ് പ്രസ്സ്-2022 തിരുവനന്തരപുരം യൂണിവേഴ്‌സിറ്റി കോളേജ് ജേതാക്കള്‍
വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ആഹ്ലാദാരവത്തോടെ കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്-2022 സെക്കന്റ് എഡിഷന് തിരശ്ശീല വീണു. കണ്ണൂര്‍ തളിപ്പറമ്പ് ധര്‍മ്മശാല മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന മെഗാഫൈനലില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് (വിഷ്ണുമോഹന്‍.എ.എസ്&അനുഷ.എ.എസ്) മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരുലക്ഷം രൂപയും കരസ്ഥമാക്കി. ജനസഹസ്രങ്ങള്‍ സാക്ഷിയായ ക്വിസ് പ്രസ്-2022ന്റെ മൈഗാഫൈനല്‍ മത്സരത്തില്‍ 160 പോയിന്റ് നേടിയാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ജേതാക്കളായത്. ‘അറിവാണ് ലഹരി’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ അറിവുത്സവത്തിന്റെ ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനവിതരണവും മുന്‍ മന്ത്രിയും തളിപ്പറമ്പ് എം എൽ എയുമായ എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിച്ചു. ഗ്രാന്റ് മാസ്റ്റര്‍ ജി.എസ്. പ്രദീപാണ് മെഗാഫൈനല്‍ നയിച്ചത്.
150 പോയിന്റോടെ തലശ്ശേരി ബ്രണ്ണന്‍ കോളേജ് (നിവേദ്.കെ, നന്ദന), തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് (എസ്. എസ്.ഹരികൃഷ്ണന്‍, ശബരീനാഥ്.വി.എസ്.) എന്നീ ടീമുകള്‍ രണ്ടാം സ്ഥാനം പങ്കിട്ടു. 50,000 രൂപയും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. അവസാനറൗണ്ടില്‍ മാറ്റുരച്ച ഗവ മോഡല്‍ എച്ച്എസ്എസ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസ് (നവനീത് കൃഷ്ണന്‍&ശ്രീനന്ദ് സുധീഷ്), മടപ്പള്ളി ഗവ കോളേജ്, വടകര (അമേയ അശോക്& വി ആര്‍ പ്രണവ് മോഹന്‍), ഇഗ്നോ,തിരുവനന്തപുരം (അരവിന്ദ് എം.ജെ& അമല്‍.എ) എന്നീ മൂന്ന് ടീമുകള്‍ക്ക് 10,000 രൂപ വീതവും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
ദേശീയ സമരങ്ങള്‍, മാധ്യമമേഖല, വ്യക്തിത്വങ്ങള്‍, സമരങ്ങള്‍, പോരാട്ടങ്ങള്‍,സിനിമ, സാഹിത്യം എന്നിങ്ങനെ എല്ലാ മേഖലകളിലൂടെയും സഞ്ചരിച്ച് ജി.എസ്. പ്രദീപ് ജനസഹസ്രങ്ങളെയും വിജ്ഞാനലഹരിയിലാക്കി. ആവേശകരമായ മത്സരത്തില്‍ കാണികള്‍ക്കും ചോദ്യങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള അവസരമുണ്ടായിരുന്നു.
ഹയര്‍സെക്കന്ററി, കോളേജ് വിദ്യാര്‍ഥികള്‍ക്കായി മൂന്ന് മേഖലകളിലായി നടന്ന മത്സരത്തില്‍ 126 ടീമുകളാണ് പങ്കെടുത്തത്. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് മധ്യമേഖലാ മത്സരത്തിന് വേദിയായപ്പോള്‍ തിരുവനന്തപുരം സരസ്വതി വിദ്യാലയ ദക്ഷിണമേഖലാ മത്സരത്തിനും വടകര മടപ്പള്ളി ഗവ കോളേജ് ഉത്തരമേഖലാ മത്സരത്തിനും വേദികളായി. മേഖലാമത്സരങ്ങളില്‍ നിന്നും അവസാന റൗണ്ടിലെത്തിയത് ഒമ്പത് ടീമുകളാണ്. മെഗാ ഫൈനലില്‍ ആദ്യറൗണ്ട് മത്സരത്തില്‍ ആറ് ടീമുകളെ തിരഞ്ഞെടുത്തു.
സ്‌കൂള്‍/ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന കേരള മീഡിയ അക്കാദമി പദ്ധതിയായ മീഡിയ ക്ലബ്ബിന്റെ പ്രവര്‍ത്തന പരിപാടികളുടെ ഭാഗമായാണ് ക്വിസ് പ്രസ് സംഘടിപ്പിച്ചത്. ലഹരി ബോധവത്കരണവും മാധ്യമസാക്ഷരതയുമാണ് ക്വിസ്പ്രസ് 2022ന്റെ ലക്ഷ്യം. ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ. ശ്യാമള, മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, അസി.സെക്രട്ടറി പി.കെ.വേലായുധന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ കെ.രാജഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.