പാവ്‌ലാ ഹോള്‍സോവ മീഡിയ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍:-

കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ മീഡിയയുടെ മീഡിയ പേഴ്‌സ്ണ്‍ ഓഫ് ദ ഇയറായി വിഖ്യാത യൂറോപ്യന്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക പാവ്‌ലാ ഹോള്‍സോവയെ തിരഞ്ഞെടുത്തു. ചെക്കോസ്ലോവാക്യ ഭിന്നിച്ചുണ്ടായ ചെക്ക് റിപ്പബ്ലിക്കിലെ മാധ്യമപ്രവര്‍ത്തകയായ പാവ്‌ലയുടെ അന്വേഷണാത്മക റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്ലോവാക്യയിലെ സര്‍ക്കാര്‍ നിലംപതിക്കുകയും 21 ജഡ്ജിമാര്‍ അഴിമതിക്കേസില്‍ പ്രതിയാകുകയും ചെയ്തു. പോലീസ് മേധാവി ആത്മഹത്യയും ചെയ്തു. ഇറ്റാലിയന്‍ മാഫിയയും സ്ലോവാക്യയിലെ സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തുകൊണ്ടുവന്നത് പാവ്‌ലയുടെ റിപ്പോര്‍ട്ടുകളാണ്. സ്ലോവിലെ ജേര്‍ണലിസ്റ്റിന്റെയും പ്രതിശ്രുത വധുവിന്റെയും കൊലപാതകത്തെപ്പറ്റിയുള്ള അന്വേഷണമാണ് ഭരണകൂട മാഫിയ ബന്ധത്തിന്റെ വിപുലമായ കണ്ണികളെ പുറത്തുകൊണ്ടുവന്നത്. The killing of a journalist എന്ന പാവ്‌ലയുടെ ഡോക്യുമെന്ററി രാജ്യത്ത് വലിയ പ്രകമ്പനമാണ് സൃഷ്ടിച്ചത്. പനാമ പേപ്പര്‍, പെഗാസസ് പ്രൊജക്ട്, പാന്‍ഡോറ പേപ്പേഴസ്, റഷ്യന്‍ ഇടപാടുകള്‍ തുടങ്ങി സാര്‍വ്വദേശീയ പ്രാധാന്യമുള്ള മാധ്യമസംഭവങ്ങളില്‍ പങ്കാളിയായ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകയാണ് ഇവര്‍.ഈ ബഹുമതി സ്വീകരിക്കാന്‍ കേരളത്തിലെത്താമെന്ന് പാവ്‌ല അറിയിച്ചിട്ടുണ്ടെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു വ്യക്തമാക്കി.ഇറാനിലെ സ്ത്രീ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന് കരുത്തുപകരുന്ന ബ്ലോഗര്‍മാരായ നിലോഫര്‍ ഹമീദിയ്ക്കും ഇലാഹി മുഹമ്മദിനും മീഡിയ മാഗസിന്റെ പ്രത്യേക പരാമര്‍ശമുണ്ട്. ഇറാനിലെ സ്ത്രീ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന് ശക്തി പകരാന്‍ ഇവരുടെ റിപ്പോര്‍ട്ടുകള്‍ക്ക് സാധിച്ചു. ഇരുവരും തടവറയിലാണ്.