വാക്കുകളുടെ തെരഞ്ഞെടുപ്പാണു മാധ്യമങ്ങളുടെ പക്ഷത്തിന്റെ സൂചകം: മന്ത്രി പി. രാജീവ്

മാധ്യമ ഭാഷ സ്റ്റൈൽ ബുക്ക് ഒരുക്കാൻ മീഡിയ അക്കാദമി

വാർത്തയ്ക്ക് ഉപയോഗിക്കാൻ തെരഞ്ഞെടുക്കുന്ന വാക്കുകളിലൂടെ മാധ്യമങ്ങൾ ഏതു പക്ഷത്തു നിൽക്കുന്നവരാണെന്നു വ്യക്തമാകുമെന്നു വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ്. വാർത്തയ്ക്കുള്ളിലെ കുത്തിലും കോമയിലും പോലും ഇതു കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാള മാധ്യമ ഭാഷാ ശൈലീ പുസ്തകം തയാറാക്കുന്നതിനായി കേരള മീഡിയ അക്കാദമി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച വട്ടമേശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പൊതുധാരണയിൽ ഉപയോഗിക്കാൻ കഴിയുന്ന വാക്കുകൾ ഉപയോഗിക്കാമെങ്കിൽപ്പോലും മാധ്യമങ്ങളുടെ നിലപാടുകളെ സ്വാധീനിക്കുന്ന ഘടകംകൂടി വാർത്തയ്ക്കായുള്ള വാക്കുകളുടെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കൂടി’യെന്നും ‘കൂട്ടി’യെന്നുമുള്ള വാക്കുകൾ വായനക്കാരനിലുണ്ടാക്കുന്ന പ്രതികരണം രണ്ടാണ്. ‘കൂട്ടി’ എന്നെഴുതുമ്പോൾ ആര് കൂട്ടിയെന്ന ചോദ്യമുണ്ടാകും. ‘കൂടി’യെന്ന് കേട്ടാൽ അതു സ്വാഭാവികമായ എന്തോ ഒന്നാണെന്നേ തോന്നുകയുള്ളൂ. മാധ്യമസ്ഥാപനം പ്രതിനിധാനം ചെയ്യുന്ന പക്ഷത്തിനോട് ചേർന്നുനിൽക്കുന്ന വാക്കുകളുടെ തെരഞ്ഞെടുപ്പും അവരെ സംബന്ധിച്ചു പ്രധാനമാണ്. പാചകവാതക വില ‘കൂട്ടി’യെന്നും പാചകവാതക വില ‘കൂടി’യെന്നും എഴുതുന്ന മാധ്യമങ്ങൾ രണ്ടു പക്ഷത്ത് നിൽക്കുന്നവരാണെന്ന് ഈ വാക്കുകളുടെ തെരഞ്ഞെടുപ്പിലൂടെ മനസിലാക്കാനാകും.

കാലക്രമത്തിൽ വാക്കുകൾക്ക് അർഥപരിണിതി സംഭവിക്കുന്നുണ്ട്. ഇന്നലെ സൃഷ്ടിച്ച അർഥംതന്നെയാകണമെന്നില്ല ഇന്ന് അതേ വാക്കു സൃഷ്ടിക്കുന്നത്. വാക്കുകൾ കാലവുമായി ചേർന്നു നിൽക്കുന്നതാണ്. ആശയ സംവേദനത്തിനുള്ള ഉപകരണം എന്ന നിലയ്‌ക്കൊപ്പംതന്നെ ഓരോ ചരിത്രഘട്ടവുമായി ബന്ധപ്പെട്ടാണു നിലനിൽനിൽക്കുന്നതും അർഥപരിണിതി സംഭവിക്കുന്നതും. പൊതുവേ ഉപയോഗിക്കാൻ കഴിയുന്ന നിരവധി വാക്കുകളുണ്ടാകും. എന്നാൽ ചില സാഹചര്യങ്ങളിൽ ചില മാധ്യമങ്ങൾക്ക് ആ വാക്കുകൾതന്നെ പോരാതെ വരും. ഉപയോഗിക്കുന്ന സാഹചര്യം പ്രയോഗിക്കുന്ന കാലം തുടങ്ങിയവയുടെ ഘട്ടത്തിൽ പൊതുസ്വീകാര്യത എല്ലാ മാധ്യമങ്ങൾക്കും ഒരേ പോലെ സ്വീകരിക്കാൻ കഴിയുമോയന്നതിൽ സന്ദേഹമുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ പ്രയോഗിക്കുന്ന ഭാഷാ ശൈലികൾ അച്ചടി, ദൃശ്യമാധ്യമങ്ങളിലേക്കു കയറുന്നുണ്ട്. തലക്കെട്ടുകളിലേക്കും അവ കയറിത്തുടങ്ങി. ‘തേച്ചൊട്ടിച്ചു’ തുടങ്ങിയ വൈറൽ പ്രയോഗങ്ങൾ മുഖ്യധാരാ മാധ്യമങ്ങളിലേക്കു വരുന്നുണ്ട്. ഈ കടന്നുകയറ്റത്തിൽ ചിലതു വായനക്കാരനെ ആകർഷിക്കുമെങ്കിലും ഭാഷയ്ക്കു ഗുണപരമാണോയെന്നതുകൂടി ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങൾക്കായുള്ള ഭാഷ സ്റ്റൈൽ ബുക്ക് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് കേരള മീഡിയ അക്കാദമി മാധ്യമ ഭാഷാ വട്ടമേശ സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തിൽ മുതിർന്ന മാധ്യമപ്രവർത്തകരും ഭാഷാ പണ്ഡിതരും പങ്കെടുത്തു. മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഭാഷയുടെ ഐകരൂപ്യം കണ്ടെത്തുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്ന് അക്കാദമി ചെയർമാൻ ആർ എസ് ബാബു പറഞ്ഞു. ദൃശ്യ-പത്ര മാധ്യമങ്ങൾക്ക് പൊതുവായി സ്വീകരിക്കാവുന്ന ഭാഷാശൈലി കണ്ടെത്തുകയാണ് കേരള മീഡിയ അക്കാദമിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരെയും മാധ്യമ സ്ഥാപന പ്രതിനിധികളെയും ഭാഷാ പണ്ഡിതരെയും ഉൾപ്പെടുത്തിയുള്ള ചർച്ച സംഘടിപ്പിച്ചത്. 1981ൽ മീഡിയ അക്കാദമി പത്രഭാഷാ ശില്പശാല സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ പൂർത്തീകരിക്കാനാണ് അക്കാദമി ആലോചിക്കുന്നതെന്നും ചെയർമാൻ പറഞ്ഞു.

ലിംഗ-സമത്വ പദങ്ങൾ കണ്ടെത്തുക, ലിംഗ വർണ്ണ വിവേചനം ഉള്ള വാക്കുകളെ ഒഴിവാക്കുക, ന്യൂജൻ വാക്കുകളുടെ പട്ടിക തയ്യാറാക്കുക, പുതുവാക്കുകൾ ശേഖരിക്കുക എന്നിവയാണ് മാധ്യമ ഭാഷാ വട്ടമേശ സമ്മേളനത്തിൽ ഉദ്ദേശിക്കുന്നത്. നിർദ്ദേശങ്ങൾ മാധ്യമങ്ങളെ അടിച്ചേൽപ്പിക്കില്ലെന്നും മീഡിയ അക്കാദമി വ്യക്തമാക്കി.

ചീഫ് സെക്രട്ടറി വി പി ജോയ്, കെ.ജയകുമാർ, ഡോ.ബി.ഇഖ്ബാൽ, ഡോ.സെബാസ്റ്റ്യൻ പോൾ, തോമസ് ജേക്കബ്, കെ.സി.നാരായണൻ, ഡോ. പി.കെ.രാജശേഖരൻ, കെ എൻ ആർ നമ്പൂതിരി, ഡോ എൻ.പി.ചന്ദ്രശേഖരൻ, പി.പി.ശശീന്ദ്രൻ, ഡോ. ശ്രീകല എം.എസ്., എ. ആർ.സാബു, ബൈജു ചന്ദ്രൻ, മഞ്ജു വെള്ളായണി, പി.എ. അബ്ദുൾ ഗഫൂർ, കെ പി മോഹനൻ , പാർവതി ദേവി, റാംമോഹൻ പാലിയത്ത്, പി ജി സുരേഷ് കുമാർ, എസ് ഡി പ്രിൻസ്, മുസ്തഫ പി അറയ്ക്കൽ, മഞ്ചു വെള്ളായണി,
കുര്യച്ചൻ, സരിതാ വർമ്മ, സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.ഒലീന, ആർ പാർവതീ ദേവി,
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.സത്യൻ, എസ്.ബിജു,
മനോജ് പുതിയവിള, ഐ സുധീർനാഥ്, പി ശ്രീകുമാർ, അബ്ദുൽ ഗഫൂർ,
നിരവധി ഭാഷാ പ്രമുഖർ, മീഡിയ അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളായ സുരേഷ് വെള്ളിമംഗലം, വി എസ് രാജേഷ്, ഷില്ലർ സ്റ്റീഫൻ, കേരള പത്രപ്രവർത്തക യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കേരള മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ എസ് സുഭാഷ്
സ്വാഗതവും അക്കാദമി സെക്രട്ടറി കെ ജി സന്തോഷ് നന്ദിയും പറഞ്ഞു.