ആസ്ഥാനമന്ദിര നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുളള നടപടികള്‍ വേഗത്തിലാക്കും: ടി.വി.സുഭാഷ് ഐഎഎസ്

കേരള മീഡിയ അക്കാദമിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ടി.വി.സുഭാഷ് പറഞ്ഞു .മീഡിയ അക്കാദമി തിരുവനന്തപുരം  സെന്ററിലെ വീഡിയോ എഡിറ്റിംഗ് കോഴ്സ് 5-ാമത് ബാച്ചിന്റെ  ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ആര്‍.ശരത് മുഖ്യാതിഥിയായി. ഒരു സിനിമ ജനിക്കുന്നത് എഡിറ്റിംഗ് ടേബിളിലാണെന്നും അത്യന്തം സൂക്ഷ്മതയോടെയും സാമൂഹികപ്രതിബദ്ധതയോടെയും കലാപരമായും  കൈകാര്യം ചെയ്യേണ്ട സാങ്കേതികവിദ്യയാണ് വീഡിയോ എഡിറ്റിംഗ് എന്ന് ആര്‍ ശരത് പറഞ്ഞു.
പുതിയ കാലത്ത് സാങ്കേതികവിദ്യ നല്ലരീതിയിലും മോശമായും ഉപയോഗിക്കപ്പെടുന്നുവെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പഠിച്ചിറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥിയും സാമൂഹികപ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ടെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.   അക്കാദമി സെക്രട്ടറി കെ.ജി.സന്തോഷ് സ്വാഗതവും  കോഴ്സ് കോര്‍ഡിനേറ്റര്‍ ടി.ആര്‍.അജയകുമാര്‍ നന്ദിയും പറഞ്ഞു