അന്വേഷണ ഏജന്‍സികളുടെ വാക്കുകളെ വേദവാക്യമാകരുത്: ആര്‍.രാജഗോപാല്‍
ഭരണകൂടങ്ങളെ സംശയിക്കുകയും അന്വേഷണ ഏജന്‍സികളുടെ വാക്കുകളെ വേദവാക്യമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുക എന്നതാവണം മാധ്യമ ധര്‍മ്മമെന്ന് ദ ടെലഗ്രാഫ് എഡിറ്റര്‍ ആര്‍.രാജഗോപാല്‍ പറഞ്ഞു. തലക്കെട്ടുകളുടെ പേരില്‍ പത്രത്തിനെതിരെ ഇത്രയധികം കേസുകളുണ്ടായ കാലഘട്ടമില്ല. ദ ടെലഗ്രാഫിനെതിരെ വിവിധ സംസ്ഥാനങ്ങളിലായി പതിനെട്ടോളം കേസുകളുണ്ട് . പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഇടപെടലും വന്നിട്ടുണ്ട്. കേരള മീഡിയ അക്കാദമിയുടെ സ്‌കോളര്‍ ഇന്‍ കാമ്പസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാര ജേതാവ് ഔട്ട് ലുക്ക് സീനിയര്‍ എഡിറ്റര്‍ കെ.കെ. ഷാഹിനയെ അനുമോദിക്കുന്ന ചടങ്ങും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിച്ചു. കേന്ദ്രസര്‍ക്കാരോ അന്വേഷണ ഏജന്‍സികളോ പറഞ്ഞാല്‍ നൂറു ശതമാനവും വിശ്വസിക്കാമെന്ന നിലപാടില്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തരുത്. ലോകകാര്യങ്ങളെ തമസ്‌കരിച്ച് കൂപമണ്ഠൂകങ്ങളാകുന്ന തരത്തിലേയ്ക്ക് മലയാള മാധ്യമങ്ങളും മാറുന്നുണ്ട്. മുന്‍ കാലങ്ങളില്‍ അന്താരാഷ്ട്ര വാര്‍ത്തകള്‍ക്ക് ഒരു ഫുള്‍ പേജ് നല്‍കിയിരുന്നെങ്കില്‍ ഇന്ന് ആ പതിവ് തന്നെ ഇല്ലാതായി വരികയാണെ് രാജഗോപാല്‍ പറഞ്ഞു. തനിക്കെതിരെ യു.എപി.എ ചുമത്തിയത് കര്‍ണ്ണാടകത്തിലെ സര്‍ക്കാരാണ്. മദനിക്കെതിരായ ബോംബ് സ്‌ഫോടന കേസിലെ സാക്ഷി മൊഴികള്‍ വ്യാജമാണെന്ന് കണ്ടെത്തി അതിന്റെ സത്യാവസ്ഥ അന്വേഷിച്ചത് മാത്രമാണ് തനിക്കെതിരെ യു.എ.പി.എ ചുമത്താന്‍ കാരണം. വസ്തുതകള്‍ നിരത്തി തെളിവു സഹിതമാണ് താന്‍ വാര്‍ത്ത നല്‍കിയത്. എന്നിട്ടും യു.എ.പി.എ ചുമത്തപ്പെട്ടുവെന്ന് കെ.കെ.ഷാഹിന പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ കെ.രാജഗോപാല്‍ സ്വാഗതവും, വിദ്യാര്‍ത്ഥി പ്രതിനിധി ആലിയ നന്ദിയും പറഞ്ഞു.