മികച്ച ജനാധിപത്യ മൂല്യമുള്ള സംസ്ഥാനമാണ് കേരളമെന്ന് ജില്ല കളക്ടർ.

Photo Caption : കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച പതിനാറാമത് അന്താരാഷ്ട്ര ജനാധിപത്യ ദിനാഘോഷം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഐ.എ.എസ്. ഉദ്ഘാടനം ചെയ്യുന്നു.

കേരളം മികച്ച ജനാധിപത്യ മൂല്യമുള്ള സംസ്ഥാനമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഐ.എ.എസ്. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച പതിനാറാമത് അന്താരാഷ്ട്ര ജനാധിപത്യ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെക്കുറിച്ച് മനസ്സിലാക്കാൻ മീഡിയ വിദ്യാർഥികൾ ജവഹർലാൽ നെഹ്റുവിനെ പഠിച്ചിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനപ്രതിനിധി ആയിരിക്കുക എന്നതാണ് കേരളത്തിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലിയെന്നു അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ പ്രസിഡൻഷ്യൽ ഭരണ ക്രമത്തിലേക്ക് കൊണ്ടുപോയിക്കൊണ്ടിരിക്കുന്ന പ്രക്രിയകളാണ് ഭരണകൂടം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത് എന്നും, ജനാധിപത്യം വലിയ വെല്ലുവിളികളെ നേരിടുകയാണെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചുകൊണ്ടു മുൻ എം പി ഡോ സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു.

മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ കെ.രാജഗോപാൽ അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ മീഡിയ അക്കാദമി സെക്രട്ടറി കെ.ജി സന്തോഷ്, പി.ആർ.ഡി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജൂവൽ, മീഡിയ അക്കാദമി അധ്യാപകരായ വിനീതാ വി ജെ, സജീഷ് ബി നായർ, ജേണലിസം വിദ്യാർത്ഥി ഡെൽനാ ലാസർ എന്നിവർ സംസാരിച്ചു.

ദിനചാരണത്തോടനുബന്ധിച്ച് മീഡിയ അക്കാദമി വിദ്യാർഥികൾക്കായി വിവിധ മൽസരങ്ങളിൽ വിജയിച്ചവർക്ക് കളക്ടർ സമ്മാനങ്ങൾ നല്കി.