മാധ്യമങ്ങൾ സത്യം പറഞ്ഞില്ലെങ്കിൽ തെറ്റിദ്ധാരണകൾ പ്രചരിക്കും: തോമസ് ചാഴിക്കാടൻ എംപി
മാധ്യമങ്ങൾ സത്യം പറഞ്ഞില്ലെങ്കിൽ തെറ്റിദ്ധാരണകൾ പ്രചരിക്കുമെന്ന് തോമസ് ചാഴിക്കാടൻ എംപി.കേരള മീഡിയ അക്കാദമിയും യൂണിസെഫും സംയുക്തമായി സംഘടിപ്പിച്ച ബാലവകാശ നിയമവും ശിശു സൗഹൃദ മാധ്യമ പ്രവർത്തനവും എന്ന വിഷയത്തിലുള്ള ദ്വിദിന മാധ്യമ ശില്പശാലയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മാധ്യമങ്ങൾ സത്യത്തിനൊപ്പം നില കൊള്ളണം.ബാലവേല നിർമ്മാജനം ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും എംപി പറഞ്ഞു.കേരള മീഡിയ അക്കാദമി മുൻ ചെയർമാൻ തോമസ് ജേക്കബ് ശിൽപ്പശാല ഉദ്‌ഘാടനം ചെയ്തു.മുഖ്യധാര മാധ്യമങ്ങൾ ഇപ്പോഴും ബാലാവകാശ നിയമങ്ങൾ ലംഘിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വീഴ്ചയ്ക്ക് പരിഹാരം കാണാൻ ഇത്തരം ഒത്തുച്ചേരലുകളും ചർച്ചകളും അനിവാര്യമാണെന്ന് തോമസ് ജേക്കബ് കൂട്ടിച്ചേർത്തു.കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായി. യൂണിസെഫ് കേരള- തമിഴ്നാട് ചീഫ് കെ എൽ റാവു ആശംസ അറിയിച്ചു.ഒരു കുട്ടിയുടെ വളർച്ചയിൽ ഒരു ഗ്രാമം മുഴുവൻ പങ്കാളികൾ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സൈബർ ബുള്ളിയിങ്ങിന്റെ കാലത്ത് കുട്ടികൾ ചെയ്യുന്നതും കുട്ടികൾക്കെതിരെ ചെയ്യപ്പെടുന്നതുമായ കുറ്റകൃത്യങ്ങളുടെ ചേതനയുള്ള വാർത്താവിതരണമാണ് കാലത്തിന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലനീതി നിയമങ്ങളും മാധ്യമ റിപ്പോർട്ടിങ്ങും എന്ന വിഷയത്തിൽ മുൻ എംപി സെബാസ്റ്റ്യൻ പോൾ ക്ലാസ് നയിച്ചു.കുട്ടികളുടെ ഉത്തമ താൽപര്യം അംഗീകരിച്ച് പ്രവർത്തിക്കുന്നതാകണം മാധ്യമപ്രവർത്തനമെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു.വാർത്തകളിൽ കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കരുത്. ബാലനീതി,ബാലനിയമങ്ങൾ എന്നിവക്ക് ഊന്നൽ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിസെഫ് കമ്മ്യൂണിക്കേഷൻ സ്പെഷലിസ്റ്റ് ദിവ്യ ശ്യാം സുധീർ ബണ്ഡി, കമ്മ്യൂണിക്കേഷൻ കൺസൾട്ടന്റ് ബേബി അരുൺ എന്നിവർ തുടർന്ന് ക്ലാസുകൾ നയിച്ചു. മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി, ക്യാമ്പ് കോർഡിനേറ്റർ എസ്. ബിജു, കേരള മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇഎസ് സുഭാഷ്, കോട്ടയം പ്രസ്ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, കേരള മീഡിയ അക്കാദമി ജനറൽ കൗൺസിൽ അംഗമം വിൻസെന്റ് നെല്ലിക്കുന്നേൽ തുടങ്ങിയവർ സംബന്ധിച്ചു.കേരള മീഡിയ അക്കാഡമി അസിസ്റ്റന്റ് സെക്രട്ടറി പി കെ വേലായുധൻ സ്വാഗതവും കേരള മീഡിയ അക്കാദമി ജനറൽ കൗൺസിൽ അംഗം സുരേഷ് വെള്ളിമംഗലം നന്ദിയും പറഞ്ഞു