കേരള മീഡിയ അക്കാദമിയിലെ ‘ഇ സോമനാഥ്‌ ചെയർ ഫോർ സയൻസ്‌ ആൻഡ്‌ എൻവയൺമെന്റൽ ജേർണലിസം സ്‌റ്റഡി ചെയറിന്‌’ തുടക്കമായി.

മലയാള മനോരമ സീനിയർ സ്‌പെഷ്യൽ കറസ്പോണ്ടന്റായിരുന്ന ഇ സോമനാഥിന്റെ രണ്ടാം ചരമവാർഷികത്തിൽ കേരള മീഡിയ അക്കാദമിയും സോമനാഥ്‌ ഫ്രറ്റേണിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്‌മരണസമ്മേളനം മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ഇന്റർനാഷണൽ നെറ്റ്‌വർക്ക്‌ ഫോർ കാൻസർ റിട്രീറ്റ്‌മെന്റ്‌ ആൻഡ്‌ റിസർച്ചിന്റെ പ്രസിഡന്റ്‌ ഡോ. എം വി പിള്ള സോമനാഥ്‌ ചെയറിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. സോമനാഥ്‌ ഓർമപ്പുസ്‌തകമായ ‘സോമയാനം’ പി സി വിഷ്‌ണുനാഥ്‌ എംഎൽഎയ്‌ക്ക്‌ നൽകി മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ്‌ ജേക്കബ്‌ പ്രകാശനം ചെയ്‌തു. ‘ദ്‌ വീക്ക്‌’ വാരികയുടെ ചീഫ്‌ ഇല്ലസ്‌ട്രേറ്റർ ബാര ഭാസ്‌കർ വരച്ച സോമനാഥിന്റെ ചിത്രം അദ്ദേഹത്തിന്റെ ഭാര്യ രാധ പി പണിക്കർക്ക്‌ കെ കെ ശൈലജ കൈമാറി. പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ കവി പ്രഭാവർമ്മ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം എംപി, മീഡിയ അക്കാദമി ചെയർമാൻ ആർ എസ്‌ ബാബു, ഫ്രറ്റേണിറ്റി സെക്രട്ടറി സുജിത്‌നായർ, ‘സോമയാനം’ എഡിറ്റർ എസ്‌ ആർ സഞ്‌ജീവ്‌, എൻ കെ ഗിരീഷ്‌ എന്നിവർ സംസാരിച്ചു.