കോടതി റിപ്പോര്‍ട്ടിംഗ് : വാദത്തിനിടയിലെ പരാമര്‍ശങ്ങള്‍ പെരുപ്പിച്ച് കാണിക്കരുത് – ജസ്റ്റിസ് വി.ജി. അരുണ്‍
കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ജഡ്ജിമാര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നിശബ്ദതയ്ക്ക് കാരണമാകുമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുണ്‍. കേരള മീഡിയ അക്കാദമിയുടെ മാധ്യമ അവാര്‍ഡ് സമര്‍പ്പണവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളുടെ ബിരുദദാന സമ്മേളനവും കാക്കനാട് അക്കാദമി അങ്കണത്തില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാദത്തിനിടയില്‍ ഒരു ജഡ്ജി പറയുന്ന വാക്കുകളോ പരാമര്‍ശങ്ങളോ വിധി പ്രസ്താവമാകുന്നില്ല. നിയമത്തിന്റെ പിന്‍ബലത്തോടെ എഴുതി പ്രസ്താവിക്കുന്നത് മാത്രമാണ് ഒരു കേസിന്റെ വിധി. മറുപടി പറഞ്ഞും ചിലപ്പോള്‍ തര്‍ക്കിച്ചും നടത്തുന്ന വാദ പ്രതിവാദങ്ങളാണ് നല്ല വിധി പ്രസ്താവനകളിലേയ്ക്ക് നയിക്കുന്നത്. മാധ്യമങ്ങളുടെ സത്യസന്ധത, സാമൂഹിക പ്രതിബദ്ധത, ജനാധിപത്യ മൂല്യത്തിലുള്ള വിശ്വാസം എന്നിവയില്‍ ഇടിവ് വന്നിട്ടുണ്ടോയെന്ന് ആത്മ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മീഡിയ അക്കാദമിയുടെ ആദ്യകാല ചെയര്‍മാന്‍ മാരില്‍ ഒരാളായ ടി.കെ.ജി നായരെക്കുറിച്ച് ഡോക്യൂഫിക്ഷന്‍ നിര്‍മ്മിക്കുമെന്ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
ചടങ്ങില്‍ മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറും അക്കാദമി മുന്‍ ചെയര്‍മാനുമായ തോമസ് ജേക്കബ് അനുഗ്രഹ പ്രഭാഷണവും മാധ്യമ നിരീക്ഷകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ മുഖ്യ പ്രഭാഷണവും നടത്തി.
ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക്ക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിംഗ്, വീഡിയോ എഡിറ്റിംഗ്, ഫോട്ടോ ജേണലിസം കോഴ്‌സുകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ഇ.എസ്. സുഭാഷ്, അക്കാദമി ജനറല്‍ കൗണ്‍സിലംഗം സ്മിത ഹരിദാസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ കെ. രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് മലയാള മനോരമ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് കെ. ജയപ്രകാശ് ബാബു, മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍. എന്‍. സത്യവ്രതന്‍ അവാര്‍ഡ് ദീപിക ദിനപത്രത്തിന്റെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ റിച്ചാര്‍ഡ് ജോസഫ്, മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് മാധ്യമം ദിനപത്രത്തിലെ സീനിയര്‍ സബ് എഡിറ്റര്‍ കെ. സുല്‍ഹഫ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് മാതൃഭൂമി നെടുമങ്ങാട് പ്രാദേശിക ലേഖകന്‍ തെന്നൂര്‍ ബി. അശോക്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫിക്കുള്ള മീഡിയ അക്കാദമി ഫോട്ടോഗ്രാഫി അവാര്‍ഡ് മലയാള മനോരമ ഫോട്ടോഗ്രാഫര്‍ ഫഹദ് മുനീര്‍, മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് വി.പി വിനിത എന്നിവര്‍ ഏറ്റുവാങ്ങി.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കേരള മീഡിയ അക്കാദമി ക്യാഷ് അവാര്‍ഡ്, എം.എന്‍.ശിവരാമന്‍ നായര്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ്, പി.എസ്. ജോണ്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ്, സി.പി.മേനോന്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ്, ടി.കെ.ജി നായര്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ്, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് എന്നിവയും ചടങ്ങില്‍ സമ്മാനിച്ചു. മാധ്യമ അവാര്‍ഡ് ജേതാക്കളുമായി അക്കാദമി വിദ്യാര്‍ത്ഥികള്‍ സംവാദം നടത്തി.