കേരളത്തിലെ മാധ്യമങ്ങള്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയില്‍: ശശികുമാര്‍

‘മലയാള പത്രപ്രവര്‍ത്തനം, 175 വര്‍ഷം’ സെമിനാര്‍ സംഘടിപ്പിച്ചു

കേരളത്തിലെ മാധ്യമങ്ങള്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയിലാണെന്ന് മാധ്യമ പ്രവര്‍ത്തകനും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേണലിസം ചെയര്‍മാനുമായ ശശികുമാര്‍ പറഞ്ഞു. സാങ്കേതിക രംഗത്തെ എല്ലാ സാധ്യതകളും ഇവിടുത്തെ മാധ്യമങ്ങള്‍ പരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള മീഡിയ അക്കാദമിയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള പത്രപ്രവര്‍ത്തക യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഇന്റര്‍നാഷണല്‍ ജേര്‍ണലിസം ഫെസ്റ്റിവലില്‍ ‘മലയാള പത്രപ്രവര്‍ത്തനത്തിന്റെ 175 വര്‍ഷങ്ങള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആദ്യകാലത്ത് പത്രങ്ങളെ മാത്രമായിരുന്നു വാര്‍ത്തകള്‍ക്കായി ജനങ്ങള്‍ ആശ്രയിച്ചിരുന്നത്. പിന്നീട് ടെലിവിഷന്‍ ചാനലുകള്‍ ആരംഭിച്ചെങ്കിലും പത്രങ്ങളുടെ മുന്‍തൂക്കം കുറയ്ക്കാന്‍ ഇവയ്ക്ക് ആദ്യഘട്ടത്തില്‍  സാധിച്ചിരുന്നില്ല. പതിയെ ടെലിവിഷന്‍ ചാനലുകള്‍ മാധ്യമ രംഗത്ത് ആധിപത്യം സ്ഥാപിച്ചു തുടങ്ങി. പിന്നീട് ഡിജിറ്റല്‍ മീഡിയ രംഗം കീഴടക്കി. സാങ്കേതിക രംഗത്ത് വന്‍ മാറ്റങ്ങളാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇന്റഗ്രേറ്റഡ് മള്‍ട്ടിമീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആണ് വാര്‍ത്തകള്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തനം എന്തിന് എന്ന ചോദ്യം ഉയര്‍ന്നു വന്നു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും ജനങ്ങളും ഈ ചോദ്യം ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങള്‍ വന്നതോടെ സാധാരണ ജനങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്റര്‍നാഷണല്‍ ജേര്‍ണലിസം ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ശശികുമാര്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബുവിന് നല്‍കി നിര്‍വഹിച്ചു. കേരള മീഡിയ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം പി.പി.ശശീന്ദ്രന്‍ സെമിനാറില്‍ ആമുഖം അവതരിപ്പിച്ചു. കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ തോമസ് ജേക്കബ് സെമിനാര്‍ നയിച്ചു. കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍മാരായ കെ.മോഹനന്‍, എസ്.ആര്‍.ശക്തിധരന്‍, സെര്‍ജി ആന്റണി, ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റര്‍ ധന്യ രാജേന്ദ്രന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.സി നാരായണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്‌കര്‍ ഓണ്‍ലൈനായി പങ്കെടുത്തു.

റേഡിയോ @100 ചരിത്രവും വളർച്ചയും അതിജീവനവും. 
കേരള മീഡിയ കോൺക്ലെവ് അന്താരാഷ്ട്ര മാധ്യമോത്സവത്തിന്റെ ആദ്യ ദിനത്തിൽ റേഡിയോ @100 എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ  കെ എ മുരളീധരൻ, സലീമ റാബിയത്ത്ആ കാശവാണിയിലെ ആദ്യകാല പ്രക്ഷേപകർ സി എസ് രാധാദേവി, രാമചന്ദ്രൻ,  സുഷമ മോഹൻ, ബാലകൃഷ്ണൻ പെരിയ, ആർ ജെ നീന, ആർ. ജെ നിത, ഷിബു ലാൽ, പി.എം. ലാല്‍എന്നിവർ  പങ്കെടുത്തു.