ക്വിസ് പ്രസ്സ്-2023-24 മൂന്നാം എഡിഷന്‍: കൊല്ലം ഗവ. ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജേതാക്കള്‍
‘നേരറിവിന്റെ സാക്ഷ്യപത്രം’ എന്ന സന്ദേശമേകി കേരള മീഡിയ അക്കാദമി കോളേജ് തലത്തില്‍ സംഘടിപ്പിച്ച ക്വിസ് പ്രസ്സ് 2023-24 പ്രശ്‌നോത്തരിയുടെ വാശിയേറിയ മെഗാ ഫൈനല്‍ മത്സരത്തില്‍ കൊല്ലം ഗവ. ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജേതാക്കളായി. മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരുലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന ഒന്നാം സമ്മാനം പ്രിന്‍സ് ആര്‍, അഖില്‍ ആര്‍ എന്നിവരടങ്ങുന്ന ടീമാണ് കരസ്ഥമാക്കിയത്. കാക്കനാട് കേരള മീഡിയ അക്കാദമിയുടെ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജോണ്‍ ബ്രിട്ടാസ് എംപി വിജയികള്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷനായി.
പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ ജിന്‍സ് ജോസ്, നിധിന്‍ കുമാര്‍ എച്ച് എന്നിവരുടെ ടീം 60,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമടങ്ങിയ രണ്ടാംസ്ഥാനം നേടി. തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി കോളേജിലെ ഹരികൃഷ്ണന്‍ എസ് എസ്, ശബരിനാഥ് എസ് എസ് എന്നിവരുടെ ടീം 30,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ക്വിസ് മാസ്റ്റര്‍ ജി എസ് പ്രദീപ് മത്സരം നയിച്ചു. സമ്മാനവിതരണ ചടങ്ങില്‍ മുന്‍ കേന്ദ്ര-സംസ്ഥാന മന്ത്രി പ്രൊഫ. കെ വി തോമസ്, അക്കാദമി വൈസ് ചെയര്‍മാന്‍ ഇ എസ് സുഭാഷ്,
അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍ എന്നിവര്‍ പങ്കെടുത്തു. കേരള മീഡിയ അക്കാദമിയുടെ മീഡിയ ക്ലബ്ബിന്റെ ഭാഗമായി നടത്തി വരുന്ന ക്വിസ് പ്രസ്സിന്റെ മൂന്നാം എഡിഷനാണിത്. മത്സരം ദൂരദര്‍ശനിലും ജീവന്‍ ടിവിയിലും സംപ്രേഷണം ചെയ്യും.