ഇത് മാധ്യമ ബോധവത്കരണം അനിവാര്യമായ കാലം: സബ് കളക്ടർ കെ. മീര


വാർത്തകൾ കുമിഞ്ഞുകൂടുന്ന കാലത്ത് മാധ്യമ ബോധവത്ക്കരണം എന്നത് പ്രധാനമാണെന്ന് ഫോർട്ടുകൊച്ചി സബ്ബ് കളക്ടർ കെ.മീര പറഞ്ഞു. സോഷ്യൽ മീഡിയ വഴിയും മറ്റ് മാധ്യമങ്ങൾ വഴിയും വാർത്തകളുടെ അതിപ്രസരമാണ്. ഇതിൽ നിന്ന് യഥാർത്ഥ വാർത്തകൾ തിരിച്ചറിയുക പ്രധാനമാണ്. രാജ്യത്തിൻ്റെ വളർച്ചയിൽ ജനാധിപത്യത്തിൻ്റെ നാലാം തൂണായ മാധ്യമങ്ങൾക്കും പ്രധാനപ്പെട്ട പങ്കാണുള്ളതെന്നും സബ് കളക്ടർ പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അവധിക്കാല പരിശീലന ക്യാമ്പിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. അക്കാദമി അസി.സെക്രട്ടറി പി.കെ. വേലായുധൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.ജി. ജ്യോതിർഘോഷ്, അധ്യാപകരായ കെ. ഹേമലത, സജീഷ്  ബി. നായർ  , കനകലക്ഷ്മി എ., ലൈബ്രേറിയൻ ഷൈനസ് മാർക്കോസ് , വിദ്യാർത്ഥി പ്രതിനിധി ബി. നവനി ലക്ഷ്മി എന്നിവർ സംസാരിച്ചു.