കേരള മീഡിയ അക്കാദമി ഉദ്ഘാടനം ചെയ്തു
മാധ്യമങ്ങള്‍ കാലാനുസൃതമായി മാറണം – മുഖ്യമന്ത്രി
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ മാധ്യമങ്ങള്‍ക്കും ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള പ്രസ് അക്കാദമിയെ കേരള മീഡിയ അക്കാദമിയായി ഉയര്‍ത്തിക്കൊണ്ട് എല്ലാ മാധ്യമങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നിരിക്കുകയാണ്. ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് അക്കാദമിയെ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് പുനഃസംഘടനയുടെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ സ്വന്തമായൊരു പെരുമാറ്റചട്ടം ഉണ്ടാക്കിയെടുക്കണം. ബ്രേക്കിങ്ങ് ന്യൂസുകള്‍ക്കായുള്ള പരക്കം പാച്ചിലില്‍ നഷ്ടപ്പെടുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയാണ് – മന്ത്രി പറഞ്ഞു.
കാക്കനാട് കേരള പ്രസ് അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 2013-ലെ മാധ്യമ അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. പ്രസ് അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍മാരെ ചടങ്ങില്‍ ആദരിച്ചു. അക്കാദമി പ്രസിദ്ധീകരിച്ച മൂന്ന് മാധ്യമ കൃതികള്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
മലയാളമനോരമ ലീഡര്‍ റൈറ്റര്‍ കെ.ഹരികൃഷ്ണന്‍, ദീപിക ന്യൂസ് എഡിറ്റര്‍ ഡേവിസ് പൈനാടത്ത്, ദേശാഭിമാനി റിപ്പോര്‍’ര്‍ വിനോദ് പായം, ദീപിക പ്രാദേശിക ലേഖകന്‍ സി.ആര്‍.സന്തോഷ്, മലയാള മനോരമ ചീഫ് ഫോ’ോഗ്രാഫര്‍ റിജോ ജോസഫ്, മാതൃഭൂമി ചാനല്‍ ന്യൂസ് എഡിറ്റര്‍ എം.എസ്.ശ്രീകല എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മുന്‍ ചെയര്‍മാന്‍മാരായ കെ.മോഹനന്‍, വി.പി.രാമചന്ദ്രന്‍, എസ്.ആര്‍.ശക്തിധരന്‍, എന്‍.പി.രാജേന്ദ്രന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
എന്‍.പി.രാജേന്ദ്രന്റെ ‘വേണം, മാധ്യമങ്ങള്‍ക്ക് മേലെയും ഒരു കണ്ണ്’, ഡോ. ടി.കെ.സന്തോഷ്‌കുമാറിന്റെ ‘മലയാള ടെലിവിഷന്‍ ചരിത്രം (1985-2013)’, രഘുനാഥന്‍ പറളിയുടെ ‘സി.പി.രാമചന്ദ്രന്‍:സംഭാഷണം,സ്മരണ,ലേഖനം’ എന്നീ പുസ്തകങ്ങള്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
കെ.വി.തോമസ് എം.പി, ബെന്നി ബെഹന്നാന്‍ എം.എല്‍.എ, എന്‍.പി.രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം, ബിനി സുനില്‍കുമാര്‍, ജി.വിജയകുമാര്‍, ബേബി മാത്യു എന്നിവര്‍ സംസാരിച്ചു. പ്രസ് അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി.രാജഗോപാല്‍ സ്വാഗതവും സെക്രട്ടറി എന്‍.എസ്. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
കേരളകൗമുദി മാനേജിംഗ് എഡിറ്റര്‍ എം.എസ്.രവി, ഡോ:എം.ലീലാവതി, പി.രാജന്‍, കെ.എം.ഐ.മേത്തര്‍, ജസ്റ്റിസ് എം.സുകുമാരന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.