മീഡിയ അക്കാദമിയിൽ പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദുർബലമായ കൊച്ചിയിൽ ജല സ്രോതസ്സുകൾക്ക് നേരെയുള്ള കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി വേണം എന്ന് കേരള മീഡിയ അക്കാദമിയിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇൻസ്റ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ‘കൊച്ചിയിലെ വെള്ളം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ എസ് ഹരികൃഷ്ണൻ പറഞ്ഞു. കൊച്ചിയിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കാത്തത് വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. സംവിധാനങ്ങൾ ശക്തമാക്കേണ്ട അടിയന്തരമായ സാഹചര്യങ്ങളാണ് ഇപ്പോൾ ഉള്ളത്. ഇതിനുള്ള ഇച്ഛാശക്തി ഭരണാധികാരികൾക്കും സാമൂഹ്യബോധം ജനങ്ങൾക്കും ഉണ്ടാകണം. നഗരവികസന പദ്ധതികളും ദുരന്തനിവാരണ സംവിധാനങ്ങളും ജനങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടായിരിക്കണം.  നിരവധി ദ്വീപുകളും 39 കനാലുകളും ചുറ്റിനും ഉള്ള കൊച്ചി കായലിലേക്ക് പത്തോളം നദികൾ ചേരുന്നുണ്ട് വെള്ളത്താൽ ചുറ്റപ്പെട്ട കൊച്ചിയിലെ ജനജീവിതം നിർണയിക്കുന്നതും വെള്ളം തന്നെയാണെന്ന് ചർച്ചയിൽ പങ്കെടുത്ത ഡൗൺ ടു എർത്ത് മുൻ റീജിയണൽ ഹെഡും സ്വതന്ത്ര പത്ര പ്രവർത്തകയുമായ എം സുചിത്ര അഭിപ്രായപ്പെട്ടു.

 പെരിയാർ ശുദ്ധമായി ഇരിക്കേണ്ടത് മത്സ്യങ്ങളുടെ മാത്രമല്ല മനുഷ്യന്റെയും വിഷയമാണ്.  ഭൂഗർഭ ജലത്തിന്റെ ചൂഷണവും കുടിവെള്ളത്തിൽ കലരുന്ന ഉപ്പു കലർന്ന ഓരു വെള്ളവും അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നമാണ്. ഫ്ലാറ്റുകളിൽ നിന്നും  മാലിന്യം ഓടകളിലേക്കു ഒഴുക്കിവിടുന്നു. ഇന്ത്യ ഉൾപ്പെടെ മൂന്നാം ലോക രാജ്യങ്ങൾ നേരിടുന്ന വലിയൊരു ഭീഷണി വിദേശ കപ്പലുകളുടെ കീഴറകളിൽ ശേഖരിക്കപ്പെടുന്ന ജലം ശുദ്ധീകരിക്കാതെ കടലിൽ ഒഴുകുന്നതാണ്. കടലിലെ ജൈവവ്യവസ്ഥയെ ഇത് ബാധിക്കും. അധിനിവേശ സസ്യങ്ങളും ജീവികളും ഇന്ത്യൻ തീരങ്ങളിലും കടലിലും നിക്ഷേപിക്കുന്നത് തടയാനുള്ള ശക്തമായ നിയമനടപടികൾ ഉണ്ടാകേണ്ടതുണ്ട് എന്ന ചർച്ചയിൽ പങ്കെടുത്ത് ദി ഹിന്ദു അസിസ്റ്റന്റ് എഡിറ്റർ കെ.എസ് സുധി അഭിപ്രായപ്പെട്ടു. 
 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ കെ രാജഗോപാൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ സ്വാഗതവും ജേണലിസം വിഭാഗം അധ്യാപിക കെ ഹേമലത നന്ദിയും പറഞ്ഞു. അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി പി കെ വേലായുധൻ, പബ്ലിക് റിലേഷൻസ് വിഭാഗം അധ്യാപിക വി ജെ വിനീത, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
അമേരിക്കൻ സംവിധായകനായ അലക്‌സ് പ്രിറ്റ്‌സ് സംവിധാനം ചെയ്‌ത ആമസോൺ മഴക്കാടുകളുടെ പാരിസ്ഥിതിക പ്രശ്നങ്ങളും അവിടുത്തെ കർഷകരും തദ്ദേശീയ ജനങ്ങളും നേരിടുന്ന പ്രശ്നങ്ങളുമടങ്ങിയ ഡോക്യുമെന്ററി ദി ടെറിട്ടറിയുടെ പ്രദർശനവും  നടന്നു.