സാമ്രാജ്യത്വവിരുദ്ധത കൊടിയടയാളമാക്കിയ മാധ്യമസാരഥി: ആര്‍.എസ്.ബാബു
ഇന്ത്യന്‍ മാധ്യമ ലോകത്തെ ഉന്നത ശീര്‍ഷനായിരുന്നു ബി ആര്‍ പി ഭാസ്‌കര്‍ എന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എങ്ങനെ ഒരു നല്ല ബദല്‍ പത്രം ഇറക്കാമെന്ന് ഡല്‍ഹിയില്‍ പുതിയ ഇംഗ്ലീഷ് പത്രത്തിലൂടെ തെളിയിച്ചു കൊണ്ടാണ് ഇംഗ്ലീഷ് പത്രപ്രവര്‍ത്തനത്തില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചത്. സാമ്രാജ്യത്വവിരുദ്ധത കൊടിയടയാളമാക്കിയ അദ്ദേഹം ഒരു ഘട്ടത്തില്‍ അമേരിക്കന്‍ മാധ്യമ നയത്തിനെതിരെ ഒരു സാര്‍വദേശീയ മാധ്യമം വിദേശത്ത് തുടങ്ങുന്നതിനുള്ള കൂട്ടായ്മയില്‍ പങ്കാളിയായിരുന്നു. പക്ഷേ ആ സംരംഭം വിജയത്തിലെത്തിയില്ല.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും ഇന്ത്യന്‍ മാധ്യമലോകത്തെ തിളക്കമുളളതാക്കിയ മാധ്യമപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന എ.കെ.ഭാസ്‌കറിന്റെ കൊല്ലത്തുനിന്നും പുറത്തിറങ്ങിയിരുന്ന നവഭാരതം പത്രത്തില്‍ ഹരിശ്രീ കുറിച്ച പത്രപ്രവര്‍ത്തനം പിന്നീട് അതിവിപുലമായി. ഏഴ് പതിറ്റാണ്ട് വിവിധ ഇംഗ്ലീഷ് പത്രങ്ങളുടെ നായകനായിരുന്ന അദ്ദേഹം പിന്നീട് മലയാളത്തിലെ ആദ്യത്തെ സാറ്റലൈറ്റ് ചാനലായ ഏഷ്യാനെറ്റിന്റെ ആദ്യകാല സാരഥികളില്‍ ഒരാളായി.
മാധ്യമനിരീക്ഷകന്‍, മനുഷ്യാവകാശപ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രസിദ്ധനായിരുന്നു. ഏഴ് പതിറ്റാണ്ടിലെ പത്രപ്രവര്‍ത്തന അനുഭവങ്ങള്‍ ക്രോഡീകരിച്ചിട്ടുളള അതിവിശിഷ്ട ഗ്രന്ഥം ‘The Changing Mediascape’ കേരള മീഡിയ അക്കാദമിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഡോ.ബിജു സംവിധാനം ചെയ്ത ഡോക്യൂഫിക്ഷന്‍ കേരള മീഡിയ അക്കാദമി നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ മാധ്യമലോകത്തിന് അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ മാധ്യമസാരഥിയുടെ വേര്‍പാടില്‍ കേരള മീഡിയ അക്കാദമി അഗാധമായി ദുഃഖിക്കുന്നു