അബു എബ്രഹാം ജന്മശതാബ്ദി ആചരിച്ചു

*അബു എബ്രഹാം ലോക നിലപാടുകൾ വരച്ച ധീരനായ കാർട്ടൂണിസ്റ്റ് :   ഇ.പി. ഉണ്ണി* 
*മീഡിയ അക്കാദമിയിൽ അബു എബ്രഹാം ജന്മശതാബ്ദി ആചരിച്ചു

ഇന്നത്തെപ്പോലെ വിവരങ്ങൾ ലഭിക്കാൻ എളുപ്പമല്ലാതിരുന്ന കാലത്ത് ലോകനിലപാടുകൾ ഒപ്പിയെടുത്തു വരച്ച ധീരനായ കാർട്ടൂണിസ്റ്റാണ് അബു എബ്രഹാം എന്ന് പ്രശസ്ത കാർട്ടൂണിസ്റ്റ് ഇ.പി ഉണ്ണി പറഞ്ഞു. ലോകപ്രശസ്ത കാർട്ടൂണിസ്റ്റും പത്രപ്രവർത്തകനും ആയിരുന്ന അബു എബ്രഹാമിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേരള മീഡിയ അക്കാദമിയിൽ നടന്ന അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
“കാർട്ടൂണുകൾ അടിസ്ഥാനപരമായി പ്രചരണത്തിന്റെ ഭാഗമായ തെരുവു കലയാണ്.  പത്രത്തിലേക്ക്  സ്ഥാനം മാറുന്നതോടെ അത് വിയോജനത്തിന്റെ കലയായി മാറുന്നു.  അതിനൊരു പരുക്കൻ സ്വഭാവമുണ്ടെങ്കിലും അബുവിന്റെ വരകൾ അത്ര തീക്ഷ്ണമല്ല”.അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യവാഞ്ഛയെ പ്രവർത്തന മൂല്യങ്ങളിലേക്ക് സന്നിവേശിപ്പിക്കുമ്പോഴാണ് നല്ല കാർട്ടൂണുകൾ ജനിക്കുന്നത്.  ലോകത്തിന് എന്ത് സംഭവിക്കുന്നു എന്ന വിശാലമായ ക്യാൻവാസിൽ ആണ്  അബു വരച്ചത്.   വൈവിധ്യത്തിൻ്റെ രാഷ്ട്രീയ പശ്ചാത്തലമുള്ള ഇന്ത്യയിൽ ഇവിടത്തെ രാഷ്ട്രീയ കാർട്ടൂണിസ്റ്റുകൾക്ക് വിദേശീയരെ അപേക്ഷിച്ച് വരഭാരം കൂടും. കാരണം, ഓർത്തിരിക്കേണ്ട മുഖങ്ങളുടെ എണ്ണം ഏറെയാണ്. ഉണ്ണി അഭിപ്രായപ്പെട്ടു.
 മനുഷ്യസ്നേഹിയായ അബു വരകളിൽ മതത്തെ ഒഴിവാക്കുന്ന രീതിയാണ്  സ്വീകരിച്ചത്.  രാഷ്ട്രീയവും സമൂഹവും ഉള്ള കാലത്തോളം അദ്ദേഹത്തിന്റെ കാർട്ടൂണുകൾ ഇടപെടലുകൾ നടത്തിക്കൊണ്ടേയിരിക്കുമെന്നും സംവാദം നയിച്ച പ്രമുഖ നിരൂപകനും എഴുത്തുകാരനുമായ എൻ ഇ സുധീർ അഭിപ്രായപ്പെട്ടു.
 ശക്തമായ മത നിരപേക്ഷ നിലപാടുകൾ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അബു എന്ന്  അധ്യക്ഷത വഹിച്ച ചെയർമാൻ ആർ. എസ് ബാബു പറഞ്ഞു. കാർട്ടൂണിസ്റ്റുകൾ  നിശ്ശബ്ദരാകുന്ന സ്വേച്ഛാധിപത്യ കാലത്ത് പോലും എങ്ങിനെ ഉണർന്നു പ്രവർത്തിക്കാം എന്ന് തന്റെ വരകളിലൂടെ അബു എബ്രഹാം തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
  69 മുതൽ 80 വരെയുള്ള കാലഘട്ടം ചിത്രീകരിക്കുന്ന   ‘അബുവിന്റെ ലോകം’ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു.
അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ കെ.രാജഗോപാൽ  സ്വാഗതവും അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി പി.കെ വേലായുധൻ നന്ദിയും പറഞ്ഞു.