നല്ലഭാഷ ശക്തിയാണ് – ഡോ:എം.ലീലാവതി
ഭാഷയുടെ ശക്തി തിരിച്ചറിയുന്നതിലൂടെ ജീവിതവിജയം നേടാനാകുമെന്ന് പ്രമുഖ സാഹിത്യകാരിയും നിരൂപകയുമായ ഡോ. എം.ലീലാവതി. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ പുതിയ ബാച്ചുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡോ. ലീലാവതി.
സത്യത്തേയും നയത്തേയും സന്തുലനം ചെയ്തുകൊണ്ടുള്ള ഞാണിന്മേല്‍കളിയാണ് ഇന്നത്തെ മാധ്യമപ്രവര്‍ത്തനം. ഈ സാഹചര്യത്തില്‍ നല്ല ഭാഷാചാതുര്യം ഓരോ പത്രപ്രവര്‍ത്തകരും സ്വായത്തമാക്കണം. ആത്മരക്ഷയ്ക്കുള്ള ആയുധം കൂടിയാണ് ഭാഷ. നല്ല ഭാഷയുടെ ശക്തി തിരിച്ചറിഞ്ഞ പലരും നേതൃസ്ഥാനങ്ങളിലേക്ക് ഉയര്‍ന്നുവന്നിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം പ്രതീകാത്മകമായ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും വിപ്ലവാത്മകമായ പരിവര്‍ത്തനം ഭാഷയില്‍ ഇനി അധികം ഉണ്ടാകാനില്ലെന്ന് ഡോ. ലീലാവതി പറഞ്ഞു.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി അധ്യക്ഷത വഹിച്ചു. മീഡിയ അക്കാദമി സെക്രട്ടറി എ.എ.ഹക്കിം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം.രാമചന്ദ്രന്‍, അസി.സെക്രട്ടറി എന്‍.പി.സന്തോഷ് എന്നിവര്‍ സംസാരിച്ചു.